റാവൽപിണ്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാൻ – ശ്രീലങ്ക ഏകദിന പരമ്പരയ്ക്കിടെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ച സാഹചര്യത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുശാൽ മെൻഡിസിന്റെ പഴയ ഒരു വീഡിയോ വീണ്ടും ചർച്ചയാകുന്നു. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് റെക്കോർഡുചെയ്‌ത ക്ലിപ്പിൽ, ടീമിന്റെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളിൽ മെൻഡിസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു. “നമുക്ക് വളരെ നല്ല സുരക്ഷയുണ്ടെന്നും ഹോട്ടൽ എല്ലാം നല്ലതാണെന്നും ഞാൻ കരുതുന്നു,” മെൻഡിസ് വീഡിയോയിൽ പറയുന്നത് കേൾക്കാം. എന്തായാലും സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ വ്യാപകമായ ശ്രദ്ധയാണ് വീഡിയോ നേടുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി ശ്രീലങ്കൻ ടീം ഇപ്പോൾ പാകിസ്ഥാനിലാണ് ഉള്ളത്. ഈ ആഴ്ച ആദ്യം ഇസ്ലാമാബാദിൽ നടന്ന ചാവേർ ബോംബാക്രമണത്തെ തുടർന്ന് ലങ്കൻ ടീം വലിയ ഭയത്തിലാണ്. റാവൽപിണ്ടിയിലെ ടീമിന്റെ ഹോട്ടലിൽ നിന്ന് 17 കിലോമീറ്റർ അകലെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ എട്ട് ശ്രീലങ്കൻ കളിക്കാർ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇതിന് മറുപടിയായി, ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽസി) ബോർഡ് എല്ലാ കളിക്കാരും, സപ്പോർട്ട് സ്റ്റാഫുകളും, മാനേജ്‌മെന്റും പാകിസ്ഥാനിൽ തന്നെ തുടരാനും പര്യടനം തുടരാനും നിർദ്ദേശിച്ചു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി (പിസിബി) നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എസ്‌എൽസിയുടെ തീരുമാനം. ടീമിന്റെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. കളിക്കാരെ സംരക്ഷിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇരു ബോർഡുകളിലെയും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
എന്തായാലും വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം മാറ്റിവെച്ചിട്ടുണ്ട്. റാവൽപിണ്ടിയിലെ ടീമിന്റെ ഹോട്ടൽ, പരിശീലന വേദികൾ എന്നിവിടങ്ങളിൽ പിസിബി അധിക ഉദ്യോഗസ്ഥരെ വിന്യസിക്കുകയും നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ബോർഡിന്റെ തീരുമാനത്തിനെതിരെ ശ്രീലങ്കയിലേക്ക് മടങ്ങാൻ തീരുമാനിക്കുന്ന ഏതൊരു കളിക്കാരനോ സ്റ്റാഫ് അംഗമോ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും പരമ്പരയുടെ തുടർച്ച നിലനിർത്താൻ ഉടനടി പകരക്കാരെ അയയ്ക്കുമെന്നും എസ്‌എൽസിയുടെ നിർദേശം വന്നിരുന്നു.
Kusal Mendis is happy with the security and Pakistani Conditions. Says he’s ready for the series. #PAKVSL pic.twitter.com/UhEGM0eVuX
— Nibraz Ramzan (@nibraz88cricket) November 10, 2025













Discussion about this post