2026 ലെ ഐസിസി ടി20 ലോകകപ്പിന് മുൻഗണന നൽകിക്കൊണ്ട്, പരിക്കിൽ നിന്ന് മുക്തി നേടുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ടി 20 ലോകകപ്പ് മുൻനിർത്തി റിസ്ക്ക് എടുക്കാതെ അതിന് ഫോക്കസ് ചെയ്യാനാണ് ഹാർദികിന്റെ തീരുമാനം.
ഇത് കൂടാതെ പ്രധാന ഫാസ്റ്റ് ബൗളർമാരുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനായി, വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഈ ഏകദിന പരമ്പരക്ക് അത്രമേൽ പ്രാധാന്യമൊന്നും ഇന്ത്യ നൽകുന്നില്ല എന്ന് തന്നെ പറയാം.
കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽ നടന്ന ഏഷ്യാ കപ്പ് ടി20 ക്കിടെയാണ് ഹാർദിക്കിന് പരിക്കുപറ്റിയത്, പാകിസ്ഥാനെതിരായ ഫൈനൽ അദ്ദേഹത്തിന് ഇതോടെ നഷ്ടമായി. “ക്വാഡ്രിസെപ്സ് പരിക്കിൽ നിന്ന് ഹാർദിക് മോചിതനായി. അദ്ദേഹം ഇപ്പോൾ നല്ല പുരോഗതി കൈവരിച്ചുവരികയാണ്. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അദ്ദേഹം നിലവിൽ സെന്റർ ഓഫ് എക്സലൻസിലാണ്. ക്വാഡ്രിസെപ്സ് പരിക്കിൽ നിന്ന് അദ്ദേഹം തിരിച്ചെത്തുന്നതിനാൽ അദ്ദേഹം ക്രമേണ ആയിരിക്കും തന്റെ ജോലിഭാരം വർധിപ്പിക്കുക. അതിനാൽ തന്നെ നേരിട്ട് 50 ഓവർ ക്രിക്കറ്റിലേക്ക് ചാടുന്നത് അപകടകരമാകാം. ടി 20 ലോകകപ്പിന് മുമ്പ്, ഹാർദിക്കും ബിസിസിഐ മെഡിക്കൽ ടീമും പ്രധാനമായും ടി 20 കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കങ്ങളായിരിക്കും നടത്തുക” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരായ വരാനിരിക്കുന്ന ടി 20 ഐ പരമ്പരയിൽ പങ്കെടുക്കുന്നതിന് മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്ക് വേണ്ടി കളിച്ച് തന്റെ മാച്ച് ഫിറ്റ്നസ് തെളിയിക്കാനാണ് ഹാർദിക് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിനെതിരെ മൂന്ന് ഏകദിന മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും, ടി 20 ലോകകപ്പ് വരെ 50 ഓവർ ക്രിക്കറ്റിന് പ്രാധാന്യം കുറവായിരിക്കും. അടുത്ത ഐപിഎൽ സീസണിന് ശേഷം, മുതിർന്ന കളിക്കാർ 2027 ലെ ഏകദിന ലോകകപ്പ് സൈക്കിളിലേക്ക് ശ്രദ്ധ തിരിക്കും.













Discussion about this post