ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിൽ ശോഭന ഗംഗയായും നാഗവല്ലിയായും നിറഞ്ഞാടിയപ്പോൾ അവരോടൊപ്പം മോഹൻലാലിൻറെ സണ്ണിയും സുരേഷ്ഗോപിയുടെ നകുലനും തകർപ്പൻ പ്രകടനം നടത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു.
എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ജോൺസണും ഗാനങ്ങൾ ബിച്ചു തിരുമലയുമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. മോഹൻലാൽ കഥാപാത്രമായ സണ്ണി മാടമ്പിള്ളി തറവാട്ടിൽ എത്തുന്നതോടെ അവിടെ അദ്ദേഹം ചില സത്യങ്ങൾ മനസിലാക്കുന്നു. ആദ്യം ഞെട്ടിയെങ്കിലും തന്റെ പ്രിയ കൂട്ടുകാരന്റെ കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹം കച്ചകെട്ടിയിറങ്ങുന്നതോടെ ചിത്രത്തിന്റെ ട്രാക് മാറുന്നു.
ചിത്രത്തിൽ ഒരുപാട് ബ്രില്ലിയൻസുകൾ പിൽകാലത്ത് സോഷ്യൽ മീഡിയ യുഗത്തിൽ പലരും കണ്ടുപിടിച്ചു . മണിച്ചിത്രത്താഴ് ഗ്രുപ്പുകൾ ഒകെ വളരെ സജീവവുമാണ്. എന്നാൽ ചിത്രത്തിലെ അധികമാരും ചർച്ച ചെയ്യാത്ത ഒരു ബ്രില്ലിയൻസിനെക്കുറിച്ച് പറയുകയാണ് നടൻ ബിനു പപ്പു. തന്റെ പിതാവ് ഭാഗമായ ഒരു സീനാണ് ബിനു ഓർമിപ്പിച്ചത്.
” എന്തുകൊണ്ടാണ് എന്റെ അച്ഛൻ ( കൃതിരവട്ടം പപ്പു) അവതരിപ്പിച്ച കാട്ടുപറമ്പന്റെ പ്രശ്നം സിനിമയുടെ അവസാനം ഒരു തട്ട് തട്ടി മോഹൻലാൽ ശരിയാക്കുന്നത്. ഇത് തുടക്കത്തിലേ ചെയ്യാമായിരുന്നില്ലേ എന്ന് പലരും ചോദിച്ചു. എന്ത് കൊണ്ട് ചെയ്തില്ല എന്ന് ചോദിച്ചാൽ, ഈ ഗംഗ നാഗവല്ലി ആയി ആദ്യം കണ്ട വ്യക്തി കാട്ടുപറമ്പനാണ്. അതിന് ശേഷമാണ് അയാൾക്ക് കുഴപ്പങ്ങൾ തുടങ്ങുന്നത്. ആ പ്രശ്നം ചികിൽസിച്ചാൽ ഗംഗയാണ് നാഗവല്ലി എന്ന് അദ്ദേഹം എല്ലാവരോടും പറയും. അത് പ്രശ്നങ്ങൾ ഉണ്ടാക്കും.” അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ കാട്ടുപറമ്പന് ഭ്രാന്ത് പിടിക്കുന്ന രംഗമൊക്കെ നർമ്മത്തിൽ കാണിച്ചു എങ്കിലും ഇതിന് പിന്നിലെ ഈ ബ്രില്ലിയൻസ് ചിലരെങ്കിലും ശ്രദ്ധിച്ചു കാണില്ല.












