ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലെ പിച്ച് ബാറ്റിംഗിന് അനുകൂമായ ട്രാക്ക് ആണെന്ന് ആയിരുന്നു സൗത്താഫ്രിക്കൻ ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ ഇന്ത്യൻ താരം കുൽദീപ് യാദവ് പറഞ്ഞത്. എന്നാൽ ബാറ്റിംഗ് പിച്ചൊക്കെ ഞങ്ങൾ ബാറ്റ് ചെയ്യുന്നത് വരെ മാത്രം എന്ന് പറഞ്ഞുകൊണ്ട് പന്തെറിഞ്ഞ സൗത്താഫ്രിക്കൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുകയാണ് ഇന്ത്യ. ഒടുവിൽ വിവരം കിട്ടുമ്പോൾ ടീം 174- 7 എന്ന നിലയിലാണ്. ഗുവാഹത്തിയിൽ വീശിയടിച്ച പേസർ മാർക്കോ ജാൻസന്റെ തകർപ്പൻ ബൗളിങാണ് ഇന്ത്യയുടെ നടുവൊടിച്ചത്. താരം ഇതുവരെ 4 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ആദ്യ ടെസ്റ്റ് തോറ്റതിനാൽ തന്നെ ഇന്ത്യക്ക് ഈ ടെസ്റ്റ് ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഇന്നിംഗ്സ് തോൽവിയെ മുന്നിൽ കാണുകയാണ്. ഇനി ഈ ടെസ്റ്റിൽ ജയമൊന്നും മോഹിച്ച ഇന്ത്യക്കാകില്ല. അതിനാൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് നടക്കുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ ” ഗംഭീറിനെ പുറത്താക്കുക” ട്രെൻഡ് ആകുകയാണ്.
കിവീസിനെതിരെ സ്വന്തം മണ്ണിൽ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പര അതിദയനീയമായി പരാജയപ്പെട്ട ഇന്ത്യ തുടർച്ചയായ അഞ്ചാമത്തെ ഹോം മത്സര തോൽവിയെയാണ് നോക്കി കാണുന്നത്. അനാവശ്യമായ കോമ്പിനേഷൻ മാറ്റങ്ങളും ചില താരങ്ങൾക്ക് കൊടുക്കുന്ന അനാവശ്യ പ്രാധാന്യവുമൊക്കെ ഗംഭീറിന്റെ പ്രശ്നങ്ങളായിട്ട് ആരാധകർ കാണിക്കുന്ന കാര്യമാണ്.
“സായ് സുദർശൻ, ധ്രുവ് ജുറൽ തുടങ്ങിയ ഐപിഎൽ പ്രൊഡക്ടുകളെ ഈ ടീമിൽ ഉൾപ്പെടുത്തിയ നീക്കം ഗംഭീരം. രഞ്ജി കളിക്കാരുടെ കഠിനാധ്വാനത്തെ അവഗണിച്ചതിന് കിട്ടുന്ന പണിയാണ് ഇതൊക്കെ” ഒരാൾ കുറിച്ചു.
“നാളുകളായി ട്വീറ്റ് ഒന്നും ചെയ്തിരുന്നില്ല. പക്ഷെ ഇന്ന് ചെയ്യുന്നു, ഈ ഗംഭീറിനെ പുറത്താക്കുക”
“ഇയാളെ പുറത്താക്കി കഴിവുള്ള ആരെങ്കിലും പകരം വന്നാൽ ഈ ടീം രക്ഷപ്പെടും”
അതേസമയം ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക ഉയർത്തിയ 490 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണർമാർ തന്നത്. രാഹുലും ജയ്‌സ്വാളും നല്ല രീതിയിൽ കളിച്ചു മുന്നേറിയപ്പോൾ ഇന്ത്യ നല്ല സ്കോറിലെത്തുമെന്ന് കരുതിയതാണ്. എന്നാൽ 22 റൺസ് എടുത്ത രാഹുലിനെ മടക്കി മഹാരാജ് സൗത്താഫ്രിക്ക ആഗ്രഹിച്ച വിക്കറ്റ് നൽകി. പിന്നാലെ വന്ന സായ് സുദർശനും നല്ല തുടക്കം കിട്ടിയപ്പോൾ സ്കോർ പിന്നെയും കുതിച്ചു. എന്നാൽ അവിടെ അർദ്ധ സെഞ്ച്വറി പിന്നിട്ട ജയ്‌സ്വാൾ (58 ) ഹാർമറിന്റെ പന്തിൽ മടങ്ങിയത് വരാനിരിക്കുന്ന കൂട്ടത്തകർച്ചയുടെ ആരംഭം മാത്രമായിരുന്നു.
പിന്നാലെ സായ് (15 ) ഹാർമറിന്റെ പന്തിൽ വീണു. ശേഷം ധ്രുവ് ജൂറൽ ( 0 ), ഋഷഭ് പന്ത് ( 7 ) രവീന്ദ്ര ജഡേജ ( 6 ) നിതീഷ് കുമാർ റെഡ്ഢി ( 10 ) എല്ലാവരും ജാൻസന്റെ മുന്നിൽ വീണു. ഇതിൽ പലതും അനാവശ്യ ഷോട്ട് കളിച്ചാണ് വീണത് എന്നതാണ് സങ്കടം. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ കഷ്ടപ്പെടുകയാണ് നിലവിൽ ഇന്ത്യ.
വാഷിംഗ്‌ടൺ സുന്ദർ കുൽദീപ് യാദവ് സഖ്യമാണ് ഇപ്പോൾ ക്രീസിൽ നിൽക്കുന്നത്.













Discussion about this post