നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇല്ലാത്തതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ നിരാശ പ്രകടിപ്പിച്ചു. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ സംസാരിച്ച കുംബ്ലെ, ടീമിനെ തിരഞ്ഞെടുക്കുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ സമീപകാല ഫോമിനെ അവർ പരിഗണിച്ചില്ല എന്നും പറഞ്ഞു.
സഞ്ജുവിന് പകരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് ബിസിസിഐ. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ നടന്ന ഏകദിന മത്സരത്തിലായിരുന്നു പന്ത് അവസാനമായി കളിച്ചത്. എന്നാൽ ഇപ്പോൾ ഇന്ത്യ വൈറ്റ്-ബോൾ കോമ്പിനേഷനുകൾ മാറ്റി മാറ്റി പരീക്ഷിക്കുന്ന രീതി തുടരുമ്പോൾ അവിടെ പന്തിന് വീണ്ടും അവസരം കിട്ടി.
ടീമിൽ താൻ പ്രതീക്ഷിച്ചിരുന്ന പേരുകളിൽ ഒരാളാണ് സാംസൺ എന്ന് കുംബ്ലെ പറഞ്ഞു. സാംസണിന്റെ ഏകദിന റെക്കോർഡിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ കാണാൻ ആഗ്രഹിച്ച ഒരു പേര് സഞ്ജു സാംസണും ആയിരുന്നു, കാരണം കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അവസാനമായി കളിച്ച ഏകദിനത്തിൽ, അവൻ സെഞ്ച്വറി നേടിയതാണ്.”
സാംസണിന്റെ ഏറ്റവും അവസാന ഏകദിന മത്സരം 2023 ഡിസംബറിൽ ആയിരുന്നു, അവിടെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 114 പന്തിൽ നിന്ന് 108 റൺസ് നേടി. 16 ഏകദിനങ്ങളിൽ, മൂന്ന് അർദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്, മധ്യ ഓവറുകളിൽ കിട്ടിയ അവസരത്തിലൊക്കെ താരം നന്നായി കളിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ടി20യിലെ അദ്ദേഹത്തിന്റെ സമീപകാല ഫോം അദ്ദേഹത്തെ ഒഴിവാക്കിയതിന് ഒരു ഘടകമായിരിക്കാം എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടി20യിൽ നിന്ന് വിരമിച്ചതിനുശേഷം, അഭിഷേക് ശർമ്മയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന താരമാണ് സാംസൺ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ചുമതലയേറ്റതോടെ, സാംസൺ മധ്യനിരയിലേക്ക് മാറ്റപ്പെട്ടു, അതോടെ ഫോമിലും കുറവുണ്ടായി.
ടി20 ഫോമിന്റെ അടിസ്ഥാനത്തിൽ സാംസന്റെ ഏകദിനത്തിൽ ഉള്ള കഴിവുകളെ വിലയിരുത്തുന്നത് പിഴവാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.













Discussion about this post