അങ്കണവാടി ജീവനക്കാരിയെ ഇടുക്കി വണ്ണപ്പുറത്ത് സിപിഎം സ്ഥാനാർത്ഥി അസഭ്യം പറഞ്ഞതായി പരാതി. വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡ് മുള്ളങ്കുത്തിയിലെ സ്ഥാനാർത്ഥി ലിജോ ജോസഫിനെതിരെയാണ് ആരോപണം. വോട്ട് അഭ്യർത്ഥിക്കാനെത്തിയ സ്ഥാനാർത്ഥി അസഭ്യം പറയുകയും വർഗീയവാദി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കുട്ടികളുടെ മുൻപിൽവെച്ചാണ് ലിജോ പ്രശ്നമുണ്ടാക്കിയതെന്നും സംഭവം കണ്ട് കുട്ടികൾ ഭയന്നുവെന്നും അങ്കണവാടി ജീവനക്കാർ പറയുന്നു.
ഈ വാർഡിൽപ്പെട്ട മുള്ളങ്കുത്തി അങ്കണവാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതേ വാർഡിൽ താമസിക്കുന്ന കാളിയാർ കൈനിക്കൽ നബീസയാണ് ആക്ഷേപത്തിനിരയായത്.
നബീസ മുള്ളങ്കുത്തിയിലുള്ള സ്ഥലം വിറ്റ് പെരുമ്പിള്ളിചിറയിലേയ്ക്ക് താമസം മാറിയിരുന്നു. അതിനാൽ അവരുടെ വോട്ട് മുള്ളങ്കുത്തിയിൽനിന്ന് നീക്കം ചെയ്യാൻ പരാതി നൽകിയതായി ലിജോയ്ക്കെതിരെ ആക്ഷേപമുണ്ട്. എന്നാൽ, സ്ഥലം വിറ്റെങ്കിലും ആധാരം നടത്തുന്നതുൾപ്പെടെ നടപടികൾ പൂർത്തിയാക്കിയിട്ടില്ല എന്ന് നബീസ പറയുന്നു. എന്നാൽവോട്ടഭ്യർഥിച്ചെത്തിയ സ്ഥാനാർത്ഥിയോട്, ഇയാൾ എന്റെ വോട്ട് വെട്ടിയില്ലേ എന്നും ഇയാൾ വെറുത നടക്കുന്നതാണ് വിജയിക്കുകയില്ല എന്നും നബീസ പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടതെന്ന് സിപിഎം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി പറഞ്ഞു.












