ന്യൂഡൽഹി : സൈബർ തട്ടിപ്പ് സംഘങ്ങളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സിബിഐക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതായി സുപ്രീംകോടതി. അഖിലേന്ത്യ തലത്തിലും അന്താരാഷ്ട്ര തലത്തിലും അന്വേഷണം വ്യാപിപ്പിക്കാം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്ന ബാങ്കുകളുടെ പങ്കിനെക്കുറിച്ച് അഴിമതി വിരുദ്ധ അന്വേഷണം നടത്താനും സിബിഐയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതായി ഇന്ന് സുപ്രീം കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് പൊതു താൽപര്യ ഹർജി സ്വമേധയാ പരിഗണിച്ചത്. വിവിധ സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്തെ ജനങ്ങളിൽ നിന്നും ഇതുവരെ ഏകദേശം 3,000 കോടി രൂപ തട്ടിയെടുത്തതായി സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഇരകളിൽ പലരും പ്രായമായ വ്യക്തികൾ ആണെന്ന യാഥാർത്ഥ്യവും കോടതി കണക്കിലെടുത്തു.
സൈബർ തട്ടിപ്പ് അംഗങ്ങളെ കണ്ടെത്താൻ ഏകീകൃതവും കേന്ദ്രീകൃതവുമായ അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട എല്ലാ പ്രഥമ വിവര റിപ്പോർട്ടുകളുടെയും (എഫ്‌ഐആർ) സമഗ്രമായ വിശദാംശങ്ങൾ സിബിഐക്ക് നൽകാൻ കോടതി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. രാജ്യാതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന വിദേശ സംഘങ്ങൾ ഉൾപ്പെടുന്നതിനാൽ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ അംഗീകരിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ ആധുനിക കാലത്തെ ഭീഷണിയെ നേരിടാൻ ‘അസാധാരണമായ ഉത്തരവുകൾ’ ആവശ്യമായി വന്നേക്കാമെന്നും, അതിനാൽ സിബിഐക്ക് ഏതു വിധേനയുള്ള അന്വേഷണത്തിനും പൂർണസ്വാതന്ത്ര്യം നൽകുകയാണെന്നും കോടതി അറിയിച്ചു.









Discussion about this post