മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് സർദാർ വല്ലഭായ് പട്ടേൽ എതിർത്തുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സർദാർ വല്ലഭ് ഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വഡോദരയിലെ സാധ്ലി ഗ്രാമത്തിൽ സംഘടിപ്പിച്ച ഏകതാമാർച്ചിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി
പട്ടേലിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ സാധാരണക്കാർ പണം സമാഹരിച്ചിരുന്നെന്നും എന്നാൽ, പണം റോഡുകളും കിണറുകളും നിർമിക്കാൻ വിനിയോഗിക്കാൻ നെഹ്റു നിർദേശിച്ചുവെന്നും സിങ് കൂട്ടിച്ചേർത്തു.
പൊതു ഫണ്ട് ഉപയോഗിച്ച് അയോധ്യയിൽ ബാബരി മസ്ജിദ് നിർമ്മിക്കാൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നു. ആരെങ്കിലും ഈ നിർദ്ദേശത്തെ എതിർത്തിട്ടുണ്ടെങ്കിൽ, അത് ഒരു ഗുജറാത്തി അമ്മയ്ക്ക് ജനിച്ച സർദാർ വല്ലഭായ് പട്ടേലായിരുന്നു. പൊതു ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് നിർമ്മിക്കാൻ അദ്ദേഹം അനുവദിച്ചില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വിഷയം നെഹ്റു ഉന്നയിച്ചപ്പോൾ, ക്ഷേത്രം വ്യത്യസ്തമായ കാര്യമാണെന്ന് പട്ടേൽ പറഞ്ഞു. ക്ഷേത്ര നവീകരണത്തിന് ആവശ്യമായ 30 ലക്ഷം രൂപ സാധാരണക്കാർ സംഭാവന ചെയ്തതാണെന്നും പട്ടേൽ പറഞ്ഞു.തുടർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്യും. സർക്കാരിന്റെ പണത്തിൽ നിന്ന് ഒരു പൈസ പോലും സോമനാഥ ക്ഷേത്ര നവീകരണത്തിന് ഉപയോഗിച്ചിട്ടില്ല. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഒരു രൂപ പോലും നൽകിയില്ല. മുഴുവൻ ചെലവും രാജ്യത്തെ ജനങ്ങളാണ് വഹിച്ചത്. ഇതിനെയാണ് യഥാർത്ഥ മതേതരത്വം എന്ന് വിളിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
നെഹ്റുവുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, മഹാത്മാഗാന്ധിക്ക് ഒരു വാഗ്ദാനം നൽകിയതിനാലാണ് പട്ടേൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. പട്ടേലിന് പ്രധാനമന്ത്രിയാകാമായിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിൽ അദ്ദേഹം അങ്ങനെയൊരു പദവി ആഗ്രഹിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.











Discussion about this post