ന്യൂഡൽഹി : ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി. മൂന്ന് ഇന്ത്യൻ സേനകളും ചേർന്ന് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപതി മുർമുവും ഉൾപ്പെടെ നിരവധി മുതിർന്ന വിശിഷ്ട വ്യക്തികളും നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റഷ്യൻ പ്രസിഡണ്ടിന് ആചാരപരമായ സ്വീകരണം നൽകുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഡൽഹി ലെഫ്റ്റനന്റ് ജനറൽ വി.കെ. സക്‌സേന, സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും രാഷ്ട്രപതി ഭവനിൽ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിനു ശേഷം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പുടിൻ രാജ്ഘട്ട് സന്ദർശിക്കും. തുടർന്ന് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യൻ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ നിക്ഷേപവും വ്യാപാരവും വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ചർച്ചചെയ്യുകയും ചെയ്യും.
റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്താൻ യൂറോപ്പും അമേരിക്കയും റഷ്യയിൽ ചെലുത്തുന്ന സമ്മർദ്ദവും റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തുന്ന കനത്ത തീരുവയും കണക്കിലെടുക്കുമ്പോൾ പുടിന്റെ ന്യൂഡൽഹി സന്ദർശനം വളരെ പ്രധാനമാണ്. ഇന്ത്യ റഷ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതിനും ചർച്ചകൾ നടക്കുന്നുണ്ട്. ഇന്ത്യ കൂടുതൽ എസ്-400 റെജിമെന്റുകൾ വാങ്ങാനും, ഈ പ്രതിരോധ സംവിധാനത്തിന്റെ കൂടുതൽ ആധുനിക പതിപ്പായ എസ്-500 പ്രോമിത്യൂസ് വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നുവരികയാണ്. കൂടാതെ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും മോദിയും പുടിനും തമ്മിൽ ചർച്ച നടത്തും.










Discussion about this post