ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും വലിയ ചർച്ചയായി മാറിയിരിക്കുന്നത് ഒരു വാഹനമാണ്. ഒരൊറ്റ രാത്രി കൊണ്ട് സൂപ്പർ താരമായി മാറിയത് പ്രധാനമന്ത്രി മോദിയുടെ ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 (MT) ആണ്. സാധാരണയായി ഉപയോഗിക്കുന്ന പതിവ് റേഞ്ച് റോവറിന് പകരം പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡണ്ടിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് എത്തിയതും, തിരികെ റഷ്യൻ പ്രസിഡന്റുമായി അദ്ദേഹത്തിന്റെ വസതിയിലേക്ക് മടങ്ങിയതും ടൊയോട്ടയുടെ ഈ വാഹനത്തിൽ ആയിരുന്നു.

റേഞ്ച് റോവറിന് പകരമായി മോദി റഷ്യൻ പ്രസിഡന്റുമായി ഒരുമിച്ച് യാത്ര ചെയ്യാൻ ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 ഉപയോഗിച്ചത് ലോകത്തിനു മുൻപാകെ നൽകിയ വലിയ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ നടന്ന ഡൽഹി കാർബോംബ് സ്ഫോടനത്തിനുശേഷം ഇന്ത്യയിലേക്കുള്ള യാത്രകൾ സുരക്ഷിതമല്ല എന്നും വിദേശ പ്രതിനിധികൾ ഇന്ത്യയിൽ എത്തുന്നത് സുരക്ഷാ ആശങ്കകൾ ഉണ്ടാക്കുന്നുണ്ട് എന്നുമുള്ള യുഎസ് ഉൾപ്പെടെയുള്ള ചില പാശ്ചാത്യൻ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾക്ക് മോദി നൽകിയ ശക്തമായ മറുപടിയായിരുന്നു റഷ്യൻ പ്രസിഡന്റുമായി ഈ ടൊയോട്ട കാറിൽ നടത്തിയ സഞ്ചാരം. ഇന്ത്യയെ കുറിച്ച് ഒരു സുരക്ഷ ആശങ്കയും ആർക്കും വേണ്ട എന്ന് ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ ഈ നീക്കത്തിലൂടെ മോദിക്ക് കഴിഞ്ഞു. ഇതോടൊപ്പം തന്നെ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടക്ക് മറ്റു പാശ്ചാത്യവാഹനങ്ങളേക്കാൾ പ്രാധാന്യം കൊടുത്തതിലൂടെ യൂറോപ്യൻ ബ്രാൻഡുകൾക്കുള്ള ഒരു തിരിച്ചടി കൂടിയാണ് മോദി നൽകിയത്.

പ്രധാനമന്ത്രി മോദിയെ കൂടാതെ കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനൊപ്പം ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ പോയപ്പോഴും യാത്രയ്ക്കായി ടൊയോട്ട ഫോർച്യൂണർ തന്നെയായിരുന്നു തിരഞ്ഞെടുത്തത്. യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയും റഷ്യയും സമ്മർദ്ദത്തിലായിരിക്കുന്ന സമയത്ത്, ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇന്ത്യയിൽ നിർമ്മിച്ച ഫോർച്യൂണർ ഇന്ത്യയുടെ ഉന്നത നേതാക്കൾ യാത്രയ്ക്കായി തിരഞ്ഞെടുത്തത് ഒട്ടും ആകസ്മികം അല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളിൽ റേഞ്ച് റോവറും മെഴ്‌സിഡസ്-മേബാക്ക് എസ് 650 ഗാർഡും ഉൾപ്പെടുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും റേഞ്ച് റോവർ യുകെയിലാണ് നിർമ്മിച്ചിരിക്കുന്നത്. മറുവശത്ത്, മെഴ്‌സിഡസ്-ബെൻസ് ഒരു ജർമ്മൻ ഓട്ടോമോട്ടീവ് ബ്രാൻഡാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ യുകെയും ജർമ്മനിയും റഷ്യയ്‌ക്കെതിരെ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ യൂറോപ്യൻ നിർമ്മിത വാഹനങ്ങൾ ഒഴിവാക്കിക്കൊണ്ട് ജാപ്പനീസ് ബ്രാൻഡ് വാഹനം ഉപയോഗിച്ചതിലൂടെ യൂറോപ്പിനുള്ള ശക്തമായ മറുപടി കൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നൽകിയിരിക്കുന്നത്.










Discussion about this post