ഇൻഡിഗോ യാത്രാപ്രതിസന്ധിയിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. കമ്പനിയെ താൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇനിയെങ്കിലും നന്നാകൂ എന്നു മാത്രമേ ഇൻഡിഗോ കമ്പനിയോട് പറയാനുള്ളൂവെന്ന് ജയരാജൻ പറഞ്ഞു. ഇൻഡിഗോ വിമാനക്കമ്പനി നേർവഴിക്കു പോകുന്ന സ്ഥാപനമല്ലെന്ന് നേരത്തെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
ഇൻഡിഗോയുടെ പ്രവൃത്തി ശരിയല്ലെന്ന് തനിക്ക് പണ്ടേ തോന്നിയാതാണെന്നും, ഇൻഡിഗോയെ ശപിച്ചിട്ടുണ്ടെന്നും ഇ.പി പറയുന്നു. ഇൻഡിഗോയുമായുള്ള തൻറെ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഡിഗോയെ താൻ പ്രാകിയിട്ടുണ്ടെന്നും തൻറെ പ്രാക്ക് ഏറ്റതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇ.പി.ജയരാജൻ ചൂണ്ടിക്കാട്ടി.
അന്നേ അറിയാം… നേർവഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്. അന്ന് അവർ എടുത്ത നിലപാട് അങ്ങനെയായിരുന്നു. കോൺഗ്രസിന്റെ ഡൽഹിയിലെ നേതാക്കൾ ഇൻഡിഗോയുമായി സംസാരിച്ചാണ് എനിക്കെതിരായി ഉപരോധം ഏർപ്പെടുത്തിയത്. അന്നേ എനിക്ക് അറിയാം മാനേജ്‌മെന്റ് തെറ്റായ നിലപാട് എടുക്കുന്നവരാണെന്ന്. ഞാൻ ഇൻഡിഗോ ബഹിഷ്‌ക്കരിച്ചു. പിന്നീട് സീതാറാം യെച്ചൂരി മരിച്ചപ്പോൾ അടിയന്തരമായി ഡൽഹിയിലെത്താനാണ് ഇൻഡിഗോയിൽ കയറിയത്. അന്ന് ഞാൻ പറഞ്ഞതെല്ലാം ശരിയാണ്. അംഗീകൃത നിരക്കിനേക്കാൾ കൂടുതലാണ് ഇൻഡിഗോ വാങ്ങുന്നത്. ഞാൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ല. ഇൻഡിഗോ മാനേജ്‌മെന്റിനെപ്പറ്റി എല്ലാവർക്കും മനസ്സിലായി. ഇപ്പോഴെങ്കിലും തിരുത്താൻ തയാറാകണം. ഇനിയെങ്കിലും നന്നാകൂ, നല്ല രീതിയിൽ വ്യവസായം നടത്തൂ എന്നായിരുന്നു ഇപിയുടെ വാക്കുകൾ.












Discussion about this post