മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ മുരളി വിജയ് തന്റെ ആഭ്യന്തര ടീമായ തമിഴ്‌നാടിന് വേണ്ടിയുള്ള അരങ്ങേറ്റത്തെ അനുസ്മരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. അത് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ക്യാപ് ലഭിച്ചപ്പോൾ തോന്നിയ സന്തോഷത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കം അത്ര സുഗമമായിരുന്നില്ല. പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സമയത്ത് താരത്തിന്റെ യാത്രയുടെ ആദ്യപടി കഠിനമായിരുന്നു. അണ്ടർ 22 ഫോർമാറ്റിൽ കളിക്കുമ്പോൾ നാല് തവണ ഡക്ക് ആയി താരം മടങ്ങി. ഈ മോശം ഫോം സ്വന്തം കഴിവുകളെ സംശയിക്കാൻ താരത്തിന് തന്നെ കാരണമായി. വലിയ മത്സരങ്ങൾ കളിക്കാനുള്ള നിലവാരം തനിക്ക് ഇല്ലെന്നും അതിനാൽ തന്നെ ടീമിൽ നിന്ന് പുറത്താക്കാനും അദ്ദേഹം സെലക്ടർമാരോട് ആവശ്യപ്പെട്ടു.
ആദ്യകാലങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്കിടയിലും, മുൻ സിഎസ്‌കെ താരം പിന്നീട് മിടുക്കനായ ഒരു ഓപ്പണറായി വളർന്നു. അതിനിടെ ഒരു ഇന്നിങ്സിൽ അഭിനവ് മുകുന്ദുമായി ചേർന്ന് 462 റൺസിന്റെ റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട് അദ്ദേഹം പങ്കിട്ടു. 2008-09 സീസണിൽ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള ആദ്യ ടെസ്റ്റ് വിളി നേടിക്കൊടുത്ത വഴിത്തിരിവായിരുന്നു ഈ അസാധാരണ പ്രകടനം. ഗൗതം ഗംഭീറിന് പകരക്കാരനായി അദ്ദേഹം ടീമിലെത്തി.
“തമിഴ്‌നാടിനു വേണ്ടി കളിക്കാൻ സാധിച്ചത് ഏറ്റവും വലിയ നേട്ടമാണ്. എനിക്ക് ആ സ്ഥാനം ലഭിച്ചപ്പോൾ, അത് എനിക്ക് വലിയ സന്തോഷമായി. അങ്ങനെ ഞാൻ 22 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടിയുള്ള ചാമ്പ്യൻഷിപ്പിൽ കളിക്കാനിറങ്ങി. നാല് ഡക്ക് ആയിരുന്നു ആ സമയത്ത് വന്ന പ്രകടനം. ഈ ലെവൽ എനിക്ക് വളരെ ഉയർന്നതാണെന്ന് സ്വയം തോന്നി. ക്രിക്കറ്റിന്റെ പ്രൊഫഷണൽ ലെവലിൽ ഞാൻ അത്ര പോരാ എന്ന് എനിക്ക് തോന്നി. ഞാൻ പോയി സെലക്ടർമാരോട് പറഞ്ഞു, ദയവായി എന്നെ ഒഴിവാക്കി മറ്റൊരാൾക്ക് ഒരു അവസരം നൽകൂ,” തരുവാർ കോഹ്‌ലിയുടെ യൂട്യൂബ് ചാനലിൽ മുരളി വിജയ് പറഞ്ഞു.
2012-13 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ വിജയ്ക്ക് നല്ലൊരു അവസരം ലഭിച്ചു, ആ അവസരം അദ്ദേഹം ഒരു ജാക്ക്‌പോട്ടായി മാറ്റി. തുടർച്ചയായി 150 റൺസ് നേടി, ഉയർന്ന തലത്തിൽ വിജയിക്കാനുള്ള കഴിവ് കാണിച്ചു. ഈ പ്രകടനം അദ്ദേഹത്തെ ഇന്ത്യയുടെ ഒന്നാം നമ്പർ ഓപ്പണറായി മാറ്റുന്നതിൽ നിർണായകമായി. 2014-15 ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം സ്ഥാനം ഉറപ്പിച്ചു. അവിടെ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്‌കോററായി മാറുകയും ചെയ്തു.
2008 ൽ നാഗ്പൂരിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ അവസാന ടെസ്റ്റിൽ ഗൗതം ഗംഭീറിന് പകരക്കാരനായി കളിച്ചതോടെയാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. തന്റെ യാത്രയിൽ, 61 ടെസ്റ്റുകൾ, 17 ഏകദിനങ്ങൾ, 9 ടി20 മത്സരങ്ങൾ ഉൾപ്പെടെ എല്ലാ ഫോർമാറ്റുകളിലുമായി 87 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 2018 ൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അദ്ദേഹം അവസാനമായി ദേശീയ ടീമിനായി കളിച്ചത്.













Discussion about this post