ജമ്മുകശ്മീരിൽ ലഭ്യമാകുന്ന മുട്ടകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ഭക്ഷ്യ-സിവിൽ സപ്ലൈസ്,ഉപഭോക്തകാര്യ മന്ത്രിയുടെ പേഴ്‌സണൽ വിഭാഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സർക്കാർ മാർക്കറ്റുകളിൽ ലഭ്യമായ മുട്ടകളിൽ ശരീരത്തിന് ദോഷകരമാകുന്ന മരുന്നുകളുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ കോൺഫറൻസ് എംഎൽഎ തൻവീർ സാദ്ദിഖാണ് ആരോപിച്ചത്. മുട്ടകളിൽ കാൻസറിന് കാരണമാകുന്ന മരുന്നുകളായ നൈട്രോഫുറാൻ, നൈട്രോയിമിഡാസോൾ, എന്നീ നിരോധിത പദാർത്ഥങ്ങൾ കണ്ടെത്തിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്.
അതേസമയം ‘എഗ്ഗോസ് ന്യൂട്രീഷൻ’ എന്ന ബ്രാൻഡ് ഉത്പാദിപ്പിക്കുന്ന മുട്ടകളിൽ നിയമവിരുദ്ധവും ജനിതക വിഷാംശമുള്ളതുമായ രാസവസ്തുക്കൾ കണ്ടെത്തിയെന്ന ‘ട്രെസ്റ്റിഫൈഡ്’ എന്ന യൂട്യൂബ് ചാനലിലെ പരാമർശമാണ് മുട്ട അപകടകരമാണെന്ന തരത്തിലുള്ള വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ, ഈ ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളുടെ മുട്ടകൾ ഉപയോഗത്തിന് സുരക്ഷിതമാണെന്നും ചൂണ്ടിക്കാട്ടി എഗ്ഗോസ് ന്യൂട്രീഷൻ ബ്രാൻഡ് പ്രസ്താവനയും ഇറക്കിയിരുന്നു.












Discussion about this post