തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയതോടെ ആവേശത്തിലാണ് നേതാക്കളും അണികളുമെല്ലാം. സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഫലമാണ് ഈ വിജയമെന്നും 2026 ലെ നിയമസഭാ ഇലക്ഷന് മുമ്പുള്ള സാമ്പിളായിരിക്കും ഈ വിജയമെന്നുമൊക്കെയാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. തകർപ്പൻ വിജയത്തിന് പിന്നാലെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. സെമിഫൈനൽ മത്‌സരത്തിൽ എൽ.ഡി.എഫിന് റെഡ് കാർഡ് കിട്ടിയെന്നും 2026 ൽ മെസ്സി വന്നില്ലെങ്കിലും യു.ഡി.എഫ് വരും എന്നും അദ്ദേഹം കുറിച്ചു.
എൽഡിഎഫിന്റെ തോൽവി അഹന്തക്കും അഹങ്കാരത്തിനും ദുര്‍ഭരണത്തിനും എതിരായ വിധിയാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് തരംഗം ആഞ്ഞടിച്ചു എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന വിധിയാണിത്. ഇതേ വിജയം നിയമസഭയിലും ഉണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്നായിരുന്നു കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനന്റെ പ്രതികരണം. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നും വിശ്വാസികളെ ഇനിയും കബളിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പാണ് യുഡിഎഫ് നടത്തിയത്. ആറില്‍ നാല് കോര്‍പ്പറേഷനുകളിലും യുഡിഎഫ് ഭരണം പിടിച്ചു. കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് കോട്ട തകര്‍ത്ത് കൊല്ലത്ത് ചരിത്രജയമാണ് യുഡിഎഫ് നേടിയത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം നിലനിർത്തിയതും കൂട്ടായ പ്രവർത്തിന്റെ ഫലം തന്നെയായിരുന്നു.









Discussion about this post