മ്യൂണിക്ക് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ജർമ്മനിയിലെ മ്യൂണിക്കിലുള്ള ബിഎംഡബ്ല്യുവിന്റെ ആസ്ഥാനം സന്ദർശിച്ചു. ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ നിർമ്മാണ മേഖലയെക്കുറിച്ച് രാഹുൽ ചർച്ച നടത്തി. രാജ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഒരു ബിഎംഡബ്ല്യു ബൈക്കും ഒരു കാറും അദ്ദേഹം ഓടിച്ചു പരീക്ഷിച്ചു നോക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസ് പ്ലാന്റിൽ ടിവിഎസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതും ഇതുവരെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ലാത്തതുമായ ബിഎംഡബ്ല്യു ജി450ജിഎസ് ബൈക്ക് ആണ് രാഹുൽ ഗാന്ധി ഓടിച്ചു നോക്കിയത്. ബിഎംഡബ്ല്യുവിന്റെ ഓട്ടോമോട്ടീവ് നിർമ്മാണവും എം-സീരീസ് വാഹനങ്ങൾ, ഇലക്ട്രിക് ബൈക്കുകൾ, ബിഎംഡബ്ല്യു iX3, റോൾസ് റോയ്‌സ് മോഡലുകൾ, വിന്റേജ് ഇറ്റാലിയൻ-പ്രചോദിത ബിഎംഡബ്ല്യു ഇസെറ്റ, മാക്സി സ്‌കൂട്ടറുകൾ എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും രാഹുൽ ഗാന്ധി സൂക്ഷ്മമായി പരിശോധിച്ചു. തുടർന്ന് ഈ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.
ലോകോത്തര ഉൽപ്പാദനം അടുത്തുനിന്ന് കാണാൻ ലഭിച്ച അവിശ്വസനീയമായ അവസരമാണിതെന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമ പോസ്റ്റിൽ എഴുതി. ഇന്ത്യയിലെ ബിഎംഡബ്ല്യു ഉത്പാദനം കുറയുന്നത് ദുഃഖകരമാണെന്നും കൂടുതൽ ഉൽപാദനം നടത്താൻ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു. നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തുകയും അർത്ഥവത്തായ ഉൽപ്പാദന ആവാസവ്യവസ്ഥകൾ നിർമ്മിക്കുകയും വലിയ തോതിൽ ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വേണം എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.











Discussion about this post