ഇന്നലെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഇന്ത്യയുടെ ടി20 ലോകകപ്പ് ഓപ്പണറായി വീണ്ടും മറ്റൊരു തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഒരു നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിന്റെ ഓപ്പണറാകാനുള്ള അവസരം കിട്ടിയ സഞ്ജു ആ അവസരം നല്ല രീതിയിൽ മുതലെടുക്കുന്ന കാഴ്ചയാണ് ഇന്നലെ ക്രിക്കറ്റ് ലോകം കണ്ടത്.
പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സാംസൺ വെറും 22 പന്തിൽ നിന്ന് നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 37 റൺസ് നേടി. അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനം പവർപ്ലേയിൽ അഭിഷേക് ശർമ്മക്കൊപ്പം ഇന്ത്യൻ സ്കോർ മുന്നോട്ട് നയിക്കുകയും ഈ പരമ്പരയിലെ ഏറ്റവും മനോഹരമായ തുടക്കം ടീമിന് നൽകുകയും ചെയ്തു.
തന്റെ ഇന്നിംഗ്‌സിനിടെ, അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് എന്ന നാഴികക്കല്ലും സാംസൺ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന 14-ാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി മലയാളി താരം മാറി, മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഉൾപ്പടെ ഭാഗമായ എലൈറ്റ് പട്ടികയിൽ ഇടം നേടി. തന്റെ 52-ാമത്തെ ടി20 മത്സരത്തിലാണ് സാംസൺ ഈ നാഴികക്കല്ല് പിന്നിട്ടത്.
സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും അദ്ദേഹത്തിനായി വാദിച്ച് സോഷ്യൽ മീഡിയയിലടക്കം രംഗത്ത് വന്നു. സഞ്ജു സാംസണെ ഇനി ഒരു കാരണവശാലും ടീമിൽ കളിപ്പിക്കാതെയിരിക്കരുതെന്നും അയാൾ ഇന്ത്യയുടെ ഓപ്പണറായി തന്നെ ടീമിൽ ഉണ്ടാകണം എന്നുമാണ് കൂടുതൽ പേരും പറഞ്ഞത്.
“എന്തുകൊണ്ടാണ് അദ്ദേഹം ആദ്യം ടീമിൽ ഇല്ലാത്തത്? ഇങ്ങനെ കളിക്കുന്നത് കാണുമ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഇത്ര തടസമെന്ന് എനിക്ക് മനസിലാകുന്നില്ല. അദ്ദേഹം പരിക്കേറ്റ താരങ്ങളുടെ പകരമായി വരേണ്ട ആളല്ല. അദ്ദേഹം മുൻനിരയിൽ തന്നെ കളിക്കേണ്ട താരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ ടി20യിൽ അദ്ദേഹം ഇതിനകം മൂന്ന് സെഞ്ചുറികൾ നേടിയിട്ടുണ്ട്. അദ്ദേഹം സ്ഫോടനാത്മക പ്രകടനം കളിയ്ക്കാൻ പറ്റുന്ന അപകടകാരിയുമാണ്, ഇതുപോലുള്ള ഷോട്ടുകൾ കളിക്കാൻ കഴിവുള്ള ആളാണ്. നിങ്ങൾ അദ്ദേഹത്തിന് എവിടെയാണ് പന്തെറിയുന്നത്?” കമന്റേറ്റർ ആയിരുന്ന ശാസ്ത്രി ചോദിച്ചു.
“സഞ്ജു സാംസൺ കളിക്കുമ്പോൾ രണ്ട് അറ്റത്തുനിന്നും ആക്രമണം കാണാൻ കഴിയും” ഇർഫാൻ പത്താൻ എക്‌സിൽ കുറിച്ചു.
“അഭിഷേകും സാംസണും ഓപ്പണർമാരാകുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഓരോ പന്തും നോക്കിയിരിക്കണം!! ബൗളർമാർ ഭയപ്പെടുന്നു, എതിരാളികൾ നിങ്ങളെ ഭയപ്പെടുന്നു. സഞ്ജു ഓപ്പണറാകുമോ.” വേറെ ഒരാൾ കുറിച്ചു.











Discussion about this post