ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായി. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി, 2025 ലെ ടി20 ഏഷ്യാ കപ്പിൽ ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്‌ഥാനം നഷ്ടപെട്ട സഞ്ജുവിന് പതുക്കെ ഇന്ത്യൻ ടീമിലും സ്ഥാനം നഷ്ടപ്പെട്ടു. എന്തായാലും ഏറെ നാളുകൾക്ക് ശേഷം ഓപ്പണിങ് റോളിൽ കിട്ടിയ അവസരം മുതലെടുത്ത് സഞ്ജു 22 പന്തിൽ നിന്ന് 37 റൺസ് നേടി.
2024 ലൊക്കെ ടി 20 യിൽ നമ്മൾ കണ്ടതുപോലെ സഞ്ജു- അഭിഷേക് ജോഡി ഒന്നിച്ചതോടെ ഇന്ത്യക്ക് മികച്ച തുടക്കം കിട്ടുന്ന കാഴ്ചയും നമ്മൾ ഇന്നലെ കണ്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ 30 റൺസിന് വിജയിച്ചതിന് ശേഷം, ടീം മാനേജ്‌മെന്റിൽ നിന്നുള്ള ആശയവിനിമയം കിട്ടുന്നുണ്ടോ എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ സാംസണിനോട് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:
“ഇർഫാൻ ഭായ് പറഞ്ഞതുപോലെ ടീം അന്തരീക്ഷം വളരെ പ്രധാനമാണ്. ഒരു വലിയ ടൂർണമെന്റ് വരാൻ പോകുന്നു, പക്ഷേ ഞാൻ വളരെക്കാലമായി ഈ സംവിധാനത്തിലുണ്ട്, ആവശ്യത്തിന് പരിചയവുമുണ്ട്, അതിനാൽ മാനേജ്മെന്റ് എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. സൂര്യയുമായും ഗൗതം ഭായിയുമായും എനിക്ക് നല്ല ബന്ധമുണ്ട്, അതിനാൽ ഞങ്ങൾ എപ്പോഴും തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾ നടത്തുന്നു,” ഇന്ത്യയുടെ 3-1 പരമ്പര വിജയത്തിന് ശേഷം സാംസൺ പറഞ്ഞു.
ശേഷം, അടുത്ത മാസം ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സാംസൺ പതിവായി ഓപ്പണറായി ബാറ്റ് ചെയ്യുന്നത് കാണുമോ എന്നും പത്താൻ ചോദിച്ചു. സാംസൺ പറഞ്ഞ രസകരമായ മറുപടി ഇങ്ങനെയായിരുന്നു:
“സഹോദരാ, നിങ്ങൾ എന്നെ ഒരുപാട് സംസാരിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. എനിക്ക് മറ്റെന്താണ് പറയാൻ കഴിയുക! ഇതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾക്ക് ചോദിക്കാൻ കഴിയില്ല ഇർഫാൻ ഭായ്” സാംസൺ പറഞ്ഞു.
എന്തായാലും ഇന്നലത്തെ ഇന്നിങ്സിന് പിന്നാലെ സഞ്ജു സാംസണെ സ്ഥിരമായി ഓപ്പണറാക്കണം എന്ന ആവശ്യം ശക്തമാകുകയാണ്.













Discussion about this post