ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്ന നിലയിൽ തന്റെ ആദ്യ ഐസിസി ടി20 ലോകകപ്പിനുള്ള ടീമിൽ ഇടം നേടിയ സഞ്ജു സാംസണിനെ അഭിനന്ദിക്കുന്നതിന്റെ തൊട്ടുപിന്നാലെ ടീമിലെ സ്ഥാനം സംബന്ധിച്ച നിരന്തരമായ അനിശ്ചിതത്വ തത്വം എങ്ങനെ ഒഴിവാക്കണം എന്ന് മുൻ ഇന്ത്യൻ സെലക്ടർമാരുടെ ചെയർമാൻ കൃഷ്ണമാചാരി ശ്രീകാന്ത് ചില ഉപദേഹങ്ങൾ നൽകിയിരിക്കുകയാണ്.
ഓസ്ട്രേലിയൻ പര്യടനത്തിനുശേഷം ഇന്ത്യ തുടർച്ചയായി കളിച്ച ഏഴ് മത്സരങ്ങളിൽ ടീമിൽ നിന്നും പുറത്തായതിന് ശേഷം, 2026 ലെ ടി20 ലോകകപ്പ് 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുമ്പോൾ അതിലേക്ക് സഞ്ജുവിന്റെ ഒരു മാസ് എൻട്രി ആരും കരുതിയിരുന്നില്ല. അഭിഷേക് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായ സാംസണിന് പകരക്കാരനായി എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിക്കൊണ്ട് സെലക്ടർമാർ ഞെട്ടിക്കുകയായിരുന്നു.
അവസാനം കളിച്ച 15 ഇന്നിംഗ്‌സുകളിലായി മോശം ഫോം കാഴ്ചവച്ച ഗിൽ, ഒരു അർദ്ധസെഞ്ച്വറി പോലും നേടിയിരുന്നില്ല. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ, മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 32 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. ഇതോടെയാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. ഗില്ലിന്റെ മോശം ഫോമിന് പിന്നാലെ സഞ്ജു ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചു. ശ്രീകാന്ത് പറയുന്നത് ഇങ്ങനെ.
“അവസാന ടി 20 യിൽ സഞ്ജു ശരിക്കും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്തൊരു ഇന്നിംഗ്‌സായിരുന്നു അത്. അദ്ദേഹം കളിച്ച ചില സ്ട്രോക്കുകൾ മികച്ചതായിരുന്നു. അദ്ദേഹം സ്ട്രൈക്ക് ചെയ്യുമ്പോൾ, അദ്ദേഹം മാരകമായി സ്ട്രൈക്ക് ചെയ്യുന്നു. സഞ്ജുവിനോട് എനിക്ക് പറയാനുള്ളത് 37 റൺസിൽ പുറത്താകരുത് എന്നതാണ്. ആ 37 റൺസ് 73 ആക്കി മാറ്റുക. നിങ്ങൾ അങ്ങനെ ചെയ്താൽ, നിങ്ങളെ ആർക്കും പുറത്താക്കാൻ കഴിയില്ല. ആളുകൾ 30 ഉം 40 ഉം പെട്ടെന്ന് മറക്കുന്നു,” ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
“സഞ്ജു സാംസണിന് ഒരു അവസരം ലഭിച്ചു, ആ മത്സരത്തിൽ അദ്ദേഹം അത് മുതലെടുത്തു. ഗില്ലിന്റെ കാര്യത്തിൽ സെലക്ടർമാർ നേരത്തെ തീരുമാനം എടുത്തതാണ്. അതുകൊണ്ടാണ് അവൻ അവസാന മത്സരത്തിൽ കളിക്കാതിരുന്നത്.” ശ്രീകാന്ത് പറഞ്ഞു നിർത്തി.
ഇത് കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ മോഹം വീണ്ടെടുക്കുകയാണെങ്കിൽ, ലോകകപ്പിൽ ഇന്ത്യ മാരകമായ ഒരു ബാറ്റിംഗ് യൂണിറ്റായിരിക്കുമെന്ന് ശ്രീകാന്ത് തറപ്പിച്ചു പറഞ്ഞു.













Discussion about this post