ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്നും ഒഴിവാക്കിയത് തങ്ങൾക്ക് ആധുനിക കാലത്തെ ടി20-അധിഷ്ഠിത കളിക്കാരനെ വേണമെന്ന ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം കാരണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡബ്ല്യു.വി. രാമൻ പറഞ്ഞു. 2025 ഏഷ്യാ കപ്പിലൂടെ ഉപനായകനായി ഫോർമാറ്റിലെത്തിയ അദ്ദേഹം കേവലം മൂന്ന് മാസം കൊണ്ട് മോശം പ്രകടനങ്ങൾ നടത്തി ടീമിലെ സ്ഥാനം നഷ്ടപെടുത്തുകയായിരുന്നു.
ടെസ്റ്റിലെയും ഏകദിനത്തിലെയും മികച്ച പ്രകടനങ്ങൾക്ക് ശേഷം ടി20 ഓപ്പണറായി ശുഭ്മാൻ ഗില്ലിന് അവസരം നല്കാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയിരുന്നു. എന്നിരുന്നാലും, ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിലും, സ്റ്റാർ ബാറ്റർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടു, 15 ഇന്നിംഗ്‌സുകളിൽ നിന്ന് 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലും 291 റൺസ് മാത്രമാണാകെ നേടിയത്.
ഗിൽ പുറത്തായതോടെ സഞ്ജു സാംസണും അഭിഷേക് ശർമ്മയും അടങ്ങുന്ന വിജയകരമായ ഓപ്പണിംഗ് ജോഡിയുമായി ടീം മാനേജ്മെന്റ് മുന്നോട്ട് പോകാനാണ് സാധ്യത. ഇത് കൂടാതെ, മികച്ച ഫോമിലുള്ള ആക്രമണ ബാറ്റിംഗ് കളിക്കുന്ന ഇഷാൻ കിഷനെ ബാക്കപ്പ് ഓപ്പണറായി ടീം കൊണ്ടുവന്നിട്ടുണ്ട്.
ഗില്ലിന്റെ കഴിവിനെക്കുറിച്ച് യാതൊരു സംശയവുമില്ലെങ്കിലും, ടി 20 ക്ക് അയാൾ യോജിച്ച താരം അല്ലെന്നാണ് മുൻ താരം പറയുന്നത്
“ഗില്ലിന്റെ പിഴവ് കാരണം അല്ല അദ്ദേഹം പുറത്തായത്. അദ്ദേഹത്തിന്റെ ചുറ്റുമുള്ള കളിക്കാർ അദ്ദേഹത്തെക്കാൾ സ്ഫോടനാത്മക ബാറ്റിംഗ് നടത്തുന്നവരാണ്. ആധുനിക ടി20 ക്രിക്കറ്റിൽ അത്യന്താപേക്ഷിതമായ ഒരു ഗുണമാണിത്. ഉദാഹരണത്തിന്, സുനിൽ ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ ടി20 ഫോർമാറ്റിലേക്ക് തിരഞ്ഞെടുക്കുന്നത് പോലെയാണ്. ഇവരിൽ ആരാണ് മികച്ച താരമെന്ന നമുക്ക് അറിയാം, പക്ഷെ ഫോർമാറ്റിലാണ് കാര്യം.” ഡബ്ല്യു.വി. രാമൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ടി20 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം, 2026 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ശുഭ്മാൻ ഗിൽ കളിക്കാൻ സാധ്യതയുണ്ട്. അർഷ്ദീപ് സിംഗ്, അഭിഷേക് ശർമ്മ തുടങ്ങിയ താരങ്ങൾ ഉള്ള പഞ്ചാബ് ടീമിലായിരിക്കും താരം കളിക്കുക.













Discussion about this post