പട്ന : നളന്ദ സർവ്വകലാശാലയുടെ വലിയ മാറ്റം കണ്ട് അത്ഭുതപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബീഹാറിലെ രാജ്ഗിറിൽ നടന്ന നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കോൺഗ്രസ് എംപി. വിദേശകാര്യ മന്ത്രാലയം നമ്മുടെ രാജ്യത്തിന് നൽകിയ നിരവധി വിലമതിക്കാനാവാത്ത സംഭാവനകളിൽ ഉയർന്ന വിലയിരുത്തൽ അർഹിക്കുന്ന അത്ഭുതകരമായ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തന്റെ പ്രതീക്ഷകൾക്കപ്പുറമാണെന്ന് രാജ്ഗീറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ തരൂർ പറഞ്ഞു.
“മുമ്പ് കേട്ടിരുന്നതിനേക്കാൾ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെയുള്ളത് എന്നതിൽ സംശയമില്ല. റോഡുകൾ മികച്ചതാണ്. രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്, മുൻകാലങ്ങളിൽ അങ്ങനെയായിരുന്നില്ല .
സമീപ വർഷങ്ങളിൽ നിരവധി നല്ല കാര്യങ്ങൾ സംഭവിച്ചതിൽ സന്തോഷമുണ്ട്. കൂടുതൽ പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും ഈ പുരോഗതി കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ബീഹാറിലെ ജനങ്ങളും അവരുടെ പ്രതിനിധികളും അത് അർഹിക്കുന്നു.” എന്നും ശശി തരൂർ വ്യക്തമാക്കി.
നളന്ദ യൂണിവേഴ്സിറ്റി കാമ്പസിന്റെ ആകാശ ചിത്രങ്ങൾ പങ്കുവെച്ച് പ്രശംസിച്ച മുൻ നീതി ആയോഗ് ചെയർപേഴ്‌സൺ അമിതാഭ് കാന്തിന്റെ ഒരു എക്സ് പോസ്റ്റിന് മറുപടി നൽകിയപ്പോഴും ശശി തരൂർ നളന്ദയേയും ബീഹാറിനെയും കേന്ദ്രത്തെയും പ്രശംസിച്ചു. “എനിക്ക് വളരെയധികം മതിപ്പു തോന്നി. ഈ അത്ഭുതകരമായ നേട്ടത്തിന് ഡോ. എസ്. ജയ്ശങ്കറിനും വിദേശകാര്യ മന്ത്രാലയത്തിനും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ,” എന്നും ശശി തരൂർ അറിയിച്ചു.









Discussion about this post