ഇറ്റലിയിലെ മിലാൻ തെരുവിൻ്റെ ഒരു ഓരോത്ത് 1913-ൽ മരിയോ പ്രാഡ ഒരു ചെറിയ ലെതർ ബാഗ് കടയ്ക്ക് തുടക്കമിടുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു കടുത്ത നിബന്ധനയുണ്ടായിരുന്നു: “സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങേണ്ടവരാണ്, ബിസിനസ്സിന്റെ ലോകം അവർക്കുള്ളതല്ല.” എന്നാൽ വിധി കാത്തുവെച്ചത് വലിയൊരു കാവ്യനീതിയായിരുന്നു. മരിയോയുടെ ആഗ്രഹം പോലെ ആ സാമ്രാജ്യം ഏറ്റെടുക്കാൻ ആൺമക്കളാരും വന്നില്ല. ഒടുവിൽ, താൻ അയോഗ്യരെന്ന് മുദ്രകുത്തിയ സ്ത്രീകളുടെ കൈകളിലേക്ക് തന്നെ ആ ബിസിനസ്സിന്റെ ചങ്ങലകൾ വന്നുചേർന്നു. മകൾ ലൂയിസയ്ക്ക് ശേഷം, 1978-ൽ മരിയോയുടെ പേരമകൾ മിയൂച്ചിയ പ്രാഡ ആ കടയുടെ പടിവാതിൽ കടക്കുമ്പോൾ, ഒരു പുതിയ യുഗത്തിന് അവിടെ തിരശ്ശീല ഉയരുകയായിരുന്നു
യഥാർത്ഥത്തിൽ മിയൂച്ചിയയ്ക്ക് ഫാഷൻ ലോകത്തോ ബിസിനസ്സിലോ ഒട്ടും താല്പര്യമില്ലായിരുന്നു. അവർ പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി നേടിയ, കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. തെരുവുകളിൽ അവകാശങ്ങൾക്കായി മുറവിളി കൂട്ടിയിരുന്ന ആ യുവതിയുടെ കൈകളിലേക്ക് കുടുംബത്തിന്റെ കടം കയറിയ ബിസിനസ്സ് വന്നുചേരുമ്പോൾ, അത് തകരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അവിടെയാണ് മിയൂച്ചിയ വ്യത്യസ്തയായത്.
ആദ്യകാലത്ത് മിയൂച്ചിയ ഉണ്ടാക്കിയ പല ഡിസൈനുകളും വിപണിയിൽ ദയനീയമായി പരാജയപ്പെട്ടു. പരമ്പരാഗതമായ തുകൽ ബാഗുകൾക്ക് മുന്നിൽ തന്റേതായ എന്ത് പ്രത്യേകതയാണ് കൊണ്ടുവരിക എന്ന് അവർ ആകുലപ്പെട്ടു. അപ്പോഴാണ് അവർ സൈനികരുടെ പാരച്യൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ‘പോക്കോണോ നൈലോൺ’ (Pocone Nylon) എന്ന പരുക്കൻ തുണിയെക്കുറിച്ച് ചിന്തിച്ചത്. ആഡംബരം എന്നാൽ സ്വർണ്ണവും തുകലുമാണെന്ന് വിശ്വസിച്ചിരുന്ന ലോകത്തിന് മുന്നിലേക്ക്, വെറുമൊരു നൈലോൺ തുണി കൊണ്ട് നിർമ്മിച്ച കറുത്ത ബാഗുകൾ അവർ അവതരിപ്പിച്ചു. ആഡംബരം എന്നാൽ പകിട്ടാണെന്ന് വിശ്വസിച്ചിരുന്ന ലോകം ആദ്യം അവളെ പരിഹസിച്ചു. . “ആരെങ്കിലും പ്ലാസ്റ്റിക് തുണി കൊണ്ട് ബാഗ് നിർമ്മിക്കുമോ?” എന്ന് അവർ ചോദിച്ചു.
പക്ഷേ, ആ കറുത്ത നൈലോൺ ബാഗുകൾ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സ്വതന്ത്രമായ ചിന്താഗതിയുടെ പ്രതീകമായി മാറി. അതോടെ പ്രാഡ എന്ന പേര് മിലാനിലെ ഒരു ചെറിയ കടയിൽ നിന്ന് ആഗോളതലത്തിലേക്ക് ചിറകുവിരിച്ചു. ഫാഷൻ എന്നാൽ വസ്ത്രം മാത്രമല്ല, അതൊരു മനോഭാവമാണെന്ന് അവർ ലോകത്തിന് കാണിച്ചു കൊടുത്തു. പരാജയപ്പെട്ടേക്കാവുന്ന ഒരു കുടുംബ ബിസിനസ്സിനെ തന്റെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവർ ഒരു അന്താരാഷ്ട്ര സാമ്രാജ്യമാക്കി മാറ്റി.
ബിസിനസ്സിനപ്പുറം കലയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് മിയൂച്ചിയയെ ‘ഫൊണ്ടാസിയോൺ പ്രാഡ’ (Fondazione Prada) എന്ന വിസ്മയത്തിലേക്ക് നയിച്ചത്. വെറുമൊരു മ്യൂസിയം എന്നതിലുപരി, ലോകത്തിലെ ഏറ്റവും മികച്ച കലാസൃഷ്ടികൾക്കും സിനിമകൾക്കും ചിന്തകൾക്കും ഇടം നൽകുന്ന ഒരു സാംസ്കാരിക കേന്ദ്രമായി ഇത് മാറി. ഇറ്റലിയിലെ ഒരു പഴയ വാറ്റുകേന്ദ്രം (Distillery) നവീകരിച്ച് അവർ നിർമ്മിച്ച ഈ സ്ഥാപനം ഇന്ന് ലോകത്തെ മികച്ച ആർക്കിടെക്റ്റുകളെപ്പോലും അമ്പരപ്പിക്കുന്ന ഒന്നാണ്. കലയിലൂടെ ലോകത്തെ കാണാനുള്ള മിയൂച്ചിയയുടെ ശ്രമം പ്രാഡയെ വെറുമൊരു ‘ബ്രാൻഡ്’ എന്നതിൽ നിന്ന് ഒരു ‘സംസ്കാരമായി’ ഉയർത്തി.
ഇന്ന് പ്രാഡ എന്നത് ആഡംബരത്തിന്റെ അവസാന വാക്കാണ്. വിപ്ലവകാരിയായ ആ പെൺകുട്ടി പടുത്തുയർത്തിയ സാമ്രാജ്യം ഇപ്പോൾ ശതകോടികളുടെ ആസ്തിയുള്ള ആഗോള ബ്രാൻഡായി പന്തലിച്ചു നിൽക്കുന്നു. ഹോളിവുഡ് താരങ്ങൾ മുതൽ സാധാരണക്കാർ വരെ പ്രാഡയുടെ ഡിസൈനുകൾക്കായി കാത്തിരിക്കുന്നു. പണ്ട് മുത്തച്ഛൻ സ്ത്രീകൾക്കായി അടച്ചിട്ട വാതിലുകൾ തകർത്തെറിഞ്ഞ മിയൂച്ചിയ പ്രാഡ, ഇന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ഒരാളാണ്.












Discussion about this post