ചെക്കോസ്ലോവാക്യയിലെ മഞ്ഞുവീണ സ്ളീൻ (Zlín) ഗ്രാമത്തിലെ ഒരു കൊച്ചു വീട്. എട്ട് തലമുറകളായി ചെരുപ്പ് തുന്നുന്ന ഒരു കുടുംബത്തിലായിരുന്നു ടോമാസ് ജനിച്ചത്. തുന്നിത്തീർത്ത തുകൽ ചെരുപ്പുകളുടെ ഇടയിലിരുന്ന് മൂന്ന് സഹോദരങ്ങൾ ഒരു വലിയ സ്വപ്നം തുന്നിച്ചേർക്കുകയായിരുന്നു—ടോമാസ് ബാറ്റയും സഹോദരൻ ആന്റണിനും സഹോദരി അന്നയും. കൈമുതലായി ഉണ്ടായിരുന്നത് അച്ഛൻ നൽകിയ വെറും 320 ഡോളർ മാത്രമായിരുന്നു. പക്ഷേ, ആ തുച്ഛമായ സമ്പാദ്യത്തേക്കാൾ വലുതായിരുന്നു ലോകം കീഴടക്കണമെന്ന ടോമാസിന്റെ നിശ്ചയദാർഢ്യം.
അച്ഛൻ നൽകിയ തുച്ഛമായ സമ്പാദ്യം കൊണ്ട് അവർ ഒരു ചെറിയ ചെരുപ്പ് നിർമ്മാണശാല തുടങ്ങി.പക്ഷേ, വിധി അവരെ പരീക്ഷിച്ചു. ആദ്യ വർഷം തന്നെ കടം കുമിഞ്ഞുകൂടി, ബിസിനസ്സ് തകർച്ചയുടെ വക്കിലെത്തി. പലരും അവരെ ഉപദേശിച്ചു.”ഇതൊക്കെ നിർത്തി പഴയതുപോലെ പാരമ്പര്യമായി ചെയ്തുവരുന്ന രീതിയിൽ ചെറിയ അളവിൽ മാത്രം ചെരുപ്പ് തുന്നി ജീവിക്കാൻ”. എന്നാൽ ടോമാസ് ബാറ്റ എന്ന പ്രതിഭ അവിടെയാണ് വിപ്ലവം സൃഷ്ടിച്ചത്.
അക്കാലത്ത് തുകൽ (Leather) വലിയ വിലയുള്ള വസ്തുവായിരുന്നു. തുകൽ വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ ടോമാസ് ഒരു പരീക്ഷണം നടത്തി. കാൻവാസും തുകലും കൂട്ടിക്കലർത്തി അദ്ദേഹം ഒരു പുതിയ തരം ചെരുപ്പ് നിർമ്മിച്ചു. അതിന് അദ്ദേഹം നൽകിയ പേര് ‘ബാറ്റോവ്കി’ (Batovky) എന്നായിരുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഭാരം കുറഞ്ഞ ആ ചെരുപ്പുകൾ എത്തിയതോടെ ബാറ്റ എന്ന പേര് ഓരോ വീടുകളിലും ചർച്ചയായി. അവിടെ നിന്നാണ് ബാറ്റയുടെ വിജയഗാഥ തുടങ്ങുന്നത്.
ബിസിനസ്സ് വളരുന്നതിനൊപ്പം ടോമാസ് തന്റെ ജീവനക്കാരെയും ചേർത്തുപിടിച്ചു. അവരെ വെറും തൊഴിലാളികളായല്ല, മറിച്ച് തന്റെ സാമ്രാജ്യത്തിന്റെ ‘പങ്കാളികളായാണ്’ അദ്ദേഹം കണ്ടത്. ജീവനക്കാർക്കായി അദ്ദേഹം സ്കൂളുകളും ആശുപത്രികളും നിർമ്മിച്ചു.
1930-കളിൽ ടോമാസ് ബാറ്റ ഇന്ത്യ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ചിന്തിപ്പിച്ചു. ചെരുപ്പുകൾ ധരിക്കാതെ വെറുംകാലിൽ നടന്നിരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അദ്ദേഹത്തിന്റെ ബിസിനസ്സ് കണ്ണുകൾക്ക് വലിയൊരു സാധ്യതയായിരുന്നു. ഇന്ത്യക്കാർക്ക് അനുയോജ്യമായ, ഈടുനിൽക്കുന്നതും വിലകുറഞ്ഞതുമായ പാദരക്ഷകൾ നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1931-ൽ കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കരയിലുള്ള ഒരു ചതുപ്പുനിലം അദ്ദേഹം തിരഞ്ഞെടുത്തു. അവിടെയാണ് ‘ബാറ്റാനഗർ’ എന്ന വലിയ വ്യവസായ നഗരത്തിന്റെ ശിലാസ്ഥാപനം നടന്നത്. ബാറ്റാനഗർ വെറുമൊരു ഫാക്ടറി ആയിരുന്നില്ല. യൂറോപ്പിലെ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇന്ത്യയിലെ ഗ്രാമീണർക്കും ലഭ്യമാക്കുക എന്നതായിരുന്നു ടോമാസിന്റെ ലക്ഷ്യം. ബാറ്റാനഗറിലെ മെഷീനുകൾ ചലിച്ചു തുടങ്ങിയതോടെ ഇന്ത്യയുടെ ഫാഷൻ ബോധവും മാറിത്തുടങ്ങി. ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ റബ്ബറും കാൻവാസും ചേർത്തുള്ള ചെരുപ്പുകൾ അവിടെ ജനിച്ചു.കാലം മാറിയതോടെ ബാറ്റാനഗർ ഒരു ആധുനിക ടൗൺഷിപ്പായി പരിണമിച്ചു കഴിഞ്ഞു. പഴയ ഫാക്ടറി കെട്ടിടങ്ങൾക്ക് അരികിലായി ഇന്ന് വലിയ ഷോപ്പിംഗ് മാളുകളും ആഡംബര അപ്പാർട്ട്മെന്റുകളും ഉയർന്നു. എങ്കിലും, ഹൂഗ്ലി നദിയിലെ തണുത്ത കാറ്റേറ്റ് ഇന്നും ആ പഴയ ഫാക്ടറി ഓരോ ഇന്ത്യക്കാരന്റെയും പ്രിയപ്പെട്ട ബ്രാൻഡിന്റെ പാരമ്പര്യം വിളിച്ചോതുന്നു.
ഇന്ന് ഒരു നൂറ്റാണ്ടിപ്പുറം ബാറ്റയുടെ പ്രതാപം ലോകമെമ്പാടും പരന്നു കിടക്കുന്നു. ടോമാസ് ബാറ്റ ഒരു വിമാനാപകടത്തിൽ അകാലത്തിൽ വിടവാങ്ങിയെങ്കിലും അദ്ദേഹം പകർന്നുനൽകിയ ആവേശം ഇന്നും 70-ലധികം രാജ്യങ്ങളിൽ 5000-ലധികം സ്റ്റോറുകളിലായി പടർന്നു പന്തലിച്ചു നിൽക്കുന്നു. ശതകോടികളുടെ വിറ്റുവരവുള്ള ആഗോള ബ്രാൻഡായി മാറിയപ്പോഴും ‘സാധാരണക്കാരന് ഉന്നത നിലവാരം’ എന്ന ടോമാസിന്റെ ആ പഴയ ആദർശത്തിന് മാറ്റം വന്നിട്ടില്ല. ഒരു ഗ്രാമത്തിലെ കൊച്ചു മുറിയിൽ നിന്ന് തുടങ്ങിയ ആ യാത്ര ഇന്ന് ലോകത്തിലെ ഓരോ മിനിറ്റിലും വിറ്റഴിക്കപ്പെടുന്ന ആയിരക്കണക്കിന് ചെരുപ്പുകളിലൂടെ അനശ്വരമായി തുടരുന്നു.













Discussion about this post