ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സും സിഡ്‌നി തണ്ടറും തമ്മിലുള്ള മത്സരത്തിന് മുൻപ് നടന്ന വിചിത്രവും രസകരവുമായ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അടുത്തിടെ സിഡ്‌നി സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിനായി പെർത്ത് സ്കോർച്ചേഴ്സ് താരങ്ങളായ ആഷ്ടൺ അഗർ, ആരോൺ ഹാർഡി, ലോറി ഇവാൻസ്, മഹ്‌ലി ബിയേർഡ്മാൻ എന്നിവർ ഒരു ഉബർ ടാക്സിയിലാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ സ്റ്റേഡിയത്തിന് അല്പം അകലെ വെച്ച് കാർ പെട്ടെന്ന് കേടായി.
ഇതോടെ മത്സരത്തിന് വൈകുമെന്ന് കണ്ടതോടെ താരങ്ങൾ ഒട്ടും മടിച്ചില്ല. അവർ കാറിൽ നിന്നിറങ്ങി റോഡിലൂടെ ആ ടാക്സി തള്ളി നീക്കാൻ സഹായിച്ചു. ഓസ്‌ട്രേലിയൻ ദേശീയ ടീമിലെയും ബിഗ് ബാഷിലെയും സൂപ്പർ താരങ്ങൾ റോഡിലൂടെ ടാക്സി തള്ളുന്നത് കണ്ട വഴിയാത്രക്കാരിൽ ഒരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്.
മത്സരത്തിനിടയിൽ കമന്റേറ്റർമാർ ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലോറി ഇവാൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഞങ്ങൾ ഉബറിലാണ് വന്നത്, പക്ഷേ അത് വഴിയിൽ വെച്ച് പണി തന്നു. അതുകൊണ്ട് വണ്ടി സൈഡിലേക്ക് ഒതുക്കാൻ ഡ്രൈവറെ ഒന്ന് സഹായിച്ചതാണ്. സത്യത്തിൽ അതൊരു രസകരമായ അനുഭവമായിരുന്നു.”
എന്തായാലും ഇതൊന്നും സ്കോർച്ചേഴ്സ് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചില്ല. മത്സരത്തിൽ സിഡ്‌നി തണ്ടറിനെ 71 റൺസിന് അവർ തകർത്തു. നായകൻ ആഷ്ടൺ ടർണർ പുറത്താകാതെ 99 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ടാക്സി തള്ളിയ ആഷ്ടൺ അഗറും ആരോൺ ഹാർഡിയും ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
Scorchers players had to push their broken-down Uber en route to ENGIE Stadium 😂#BBL15 pic.twitter.com/79EC6QYxli
— 7Cricket (@7Cricket) December 30, 2025










Discussion about this post