മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ബി.സി.സി.ഐയോട് ഒരു അഭ്യർത്ഥന നടത്തി രംഗത്ത് വന്നിരിക്കുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നീ സീനിയർ താരങ്ങൾക്ക് കൂടുതൽ ഏകദിന മത്സരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പത്താൻ സംസാരിച്ചത്.
വലിയ ടൂർണമെന്റുകൾക്ക് മുൻപ് താരങ്ങൾക്ക് ആവശ്യത്തിന് മാച്ച് പ്രാക്ടീസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത് അത്യാവശ്യമാണെന്ന് പത്താൻ അഭിപ്രായപ്പെട്ടു. 2025-ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി താരങ്ങൾ താളം കണ്ടെത്താൻ കൂടുതൽ സമയം മൈതാനത്ത് ചിലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് കൂടാതെ നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഷെഡ്യൂളിനെതിരെ രൂക്ഷമായ ഭാക്ഷയിലുള്ള വിമർശനമാണ് ഇർഫാൻ നടത്തിയത്. എന്തുകൊണ്ടാണ് ഏകദിന പരമ്പരകൾ വെറും മൂന്ന് മത്സരങ്ങളിലേക്ക് ചുരുക്കുന്നതെന്നും, പഴയതുപോലെ ത്രിരാഷ്ട്ര (Triangular) അല്ലെങ്കിൽ ചതുർരാഷ്ട്ര (Quadrangular) ടൂർണമെന്റുകൾ സംഘടിപ്പിക്കാത്തത് എന്താണെന്നും അദ്ദേഹം ബി.സി.സി.ഐയോട് ചോദിച്ചു.
“രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ബി.സി.സി.ഐക്ക് ശ്രമിക്കണം. ഈ ഇതിഹാസ താരങ്ങളെ കൂടുതൽ സമയം മൈതാനത്ത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നു. ഏകദിന ക്രിക്കറ്റിൽ ഇന്നും താല്പര്യം നിലനിൽക്കുന്നത് ഈ രണ്ട് താരങ്ങൾ കാരണമാണ്.” പത്താൻ പറഞ്ഞു.
എന്തായാലും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഏകദിന ക്രിക്കറ്റിൽ തങ്ങളുടെ ആധിപത്യം തുടരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ അടുത്തിടെ നടന്ന പരമ്പരകളിൽ ഇരുവരും നടത്തിയ ഉജ്ജ്വല പ്രകടനം അവർ ഇന്നും ടീമിന് എത്രത്തോളം അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ്.
ഈ ഫോം തുടരുകയാണെങ്കിൽ, 2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ബാറ്റിംഗ് കരുത്തായി ഈ ഇതിഹാസ ജോഡികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. സെലക്ടർമാർക്കും ടീം മാനേജ്‌മെന്റിനും വ്യക്തമായ സൂചന നൽകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കുന്ന ഇരുവരുടെയും കായികക്ഷമതയും റൺസ് കണ്ടെത്താനുള്ള വിശപ്പും ആരാധകർക്കും വലിയ ആവേശം നൽകുന്നു.












Discussion about this post