മുൻ ഓസ്‌ട്രേലിയൻ താരങ്ങളിൽ ചിലർ തന്നെ നിരന്തരം ലക്ഷ്യം വെക്കുന്നതിന് പിന്നിൽ തന്റെ മതപരമായ പശ്ചാത്തലമാണെന്ന് ഉസ്മാൻ ഖവാജ ആരോപിച്ചു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖവാജ തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചത്. മറ്റ് കളിക്കാർക്ക് ലഭിക്കുന്ന പരിഗണനയോ പിന്തുണയോ പലപ്പോഴും തനിക്ക് ലഭിക്കാറില്ലെന്നും, തന്റെ വിശ്വാസങ്ങളും നിലപാടുകളും കാരണമാണ് ഇത്തരത്തിൽ കളിയാക്കലുകൾ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റോടെ തന്റെ 15 വർഷത്തെ കരിയർ അവസാനിപ്പിക്കുമെന്ന് ഖവാജ ഔദ്യോഗികമായി പ്രഖ്യാപിഹിരുന്നു. എന്നാൽ തന്റെ വിരമിക്കൽ പ്രഖ്യാപനത്തിനിടെ മുൻ താരങ്ങൾക്കും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച ഖവാജയുടെ വാക്കുകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
തനിക്ക് നേരിടേണ്ടി വന്ന അവഗണന മറ്റുള്ളവരുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് ഖവാജ വിരമിക്കൽ പ്രഖ്യാപനത്തിനിടെ തുറന്നടിച്ചു. കടുത്ത നടുവേദന കാരണം വിശ്രമം വേണ്ടിവന്ന സമയത്ത് താൻ അനുഭവിച്ച മാനസിക വിഷമങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. “എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നായിരുന്നു ആ നടുവേദന. എന്നാൽ മുൻ താരങ്ങളും മാധ്യമങ്ങളും എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം ഞാൻ ഇത് അനുഭവിച്ചു. എല്ലാവരും എന്നെ തകർക്കാൻ ശ്രമിച്ചു,” ഖവാജ പറഞ്ഞു.
താൻ ഒരു പാകിസ്ഥാൻ വംശജനായതുകൊണ്ടാണ് ഇത്തരം കളിയാക്കലുകൾ തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പാകിസ്ഥാനികൾ, വെസ്റ്റ് ഇൻഡീസ് താരങ്ങൾ, അല്ലെങ്കിൽ നിറമുള്ള കളിക്കാർ എന്നിവർ സ്വാർത്ഥരാണെന്നും, അവർക്ക് ടീമിനോട് കൂറില്ലെന്നും, കഠിനാധ്വാനം ചെയ്യില്ലെന്നുമുള്ള വംശീയമായ ആരോപണങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ആഞ്ഞടിച്ചു.












Discussion about this post