2008 നവംബർ 26. മുംബൈ നഗരം ഭീതിയിലാഴ്ന്ന ആ കറുത്ത രാത്രിയിൽ, തന്റെ അധികാര പരിധിക്ക് പുറത്തായിരുന്നിട്ടും കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റലിലേക്ക് കുതിച്ചെത്തിയ അഡീഷണൽ പോലീസ് കമ്മീഷണറായിരുന്നു സദാനന്ദ് ദാത്തെ. സിഎസ്ടി സ്റ്റേഷനിൽ രക്തപ്പുഴയൊഴുക്കിയ അജ്മൽ കസബും അബു ഇസ്മായിലും സ്ത്രീകളും കുട്ടികളും ചികിത്സയിൽ കഴിയുന്ന ഈ ആശുപത്രി ലക്ഷ്യമാക്കി നീങ്ങുന്നു എന്നറിഞ്ഞ ദാത്തെ ഒട്ടും വൈകിയില്ല.
ആശുപത്രിയുടെ മട്ടുപ്പാവിലിരുന്ന് ഭീകരർ നടത്തിയ വെടിവെപ്പിൽ ദാത്തെയ്ക്കും കൂടെയുണ്ടായിരുന്ന പോലീസുകാർക്കും പരിക്കേറ്റു. കസബ് എറിഞ്ഞ ഗ്രനേഡ് ദാത്തെയുടെ വെറും മൂന്നടി അകലെയാണ് വീണ് പൊട്ടിയത്. സബ് ഇൻസ്‌പെക്ടർ പ്രകാശ് മോറെ ആ സ്ഫോടനത്തിൽ വീരമൃത്യു വരിച്ചു. മുഖത്തും കാലിലും ചില്ല് കഷണങ്ങൾ തുളച്ചുകയറി ചോരയൊലിപ്പിക്കുമ്പോഴും, രോഗികളെ ഭീകരർ ബന്ദികളാക്കുന്നത് തടയാൻ അദ്ദേഹം 40 മിനിറ്റോളം പതറാതെ പോരാടി. ആ ധീരതയ്ക്ക് രാജ്യം അദ്ദേഹത്തെ പ്രസിഡന്റ്സ് മെഡൽ നൽകി ആദരിച്ചു. ഇന്നും ആ രാത്രിയിലെ മുറിവുകളുടെ പാടുകൾ ഒരു മെഡൽ പോലെ തന്റെ ശരീരത്തിലുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറയാറുണ്ട്.
പത്ര വിതരണക്കാരനിൽ നിന്ന് എൻഐഎ തലപ്പത്തേക്ക്
പുണെയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ദാത്തെയുടെ വളർച്ച കഠിനാധ്വാനത്തിന്റെ കഥയാണ്. കുട്ടിക്കാലത്ത് പുലർച്ചെ സൈക്കിളിൽ പത്രങ്ങൾ വിതരണം ചെയ്താണ് അദ്ദേഹം തന്റെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അമ്മ മറ്റു വീടുകളിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പൊരുതി ജയിച്ച ആ ബാലൻ പിൽക്കാലത്ത് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ അന്വേഷണ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) തലവനായി മാറി.
എൻഐഎ തലവനായിരിക്കെ ഭാരതത്തിന്റെ സുരക്ഷാ ഭൂപടത്തിൽ നിർണ്ണായക ചുവടുവെപ്പുകളാണ് അദ്ദേഹം നടത്തിയത്:
26/11 ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവുർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോളിനെ വിദേശത്ത് നിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ചത് ദാത്തെയുടെ തന്ത്രപരമായ നേതൃത്വത്തിലായിരുന്നു.പഹൽഗാം ഭീകരാക്രമണം, ചെങ്കോട്ട സ്ഫോടനക്കേസ് തുടങ്ങിയ സുപ്രധാന കേസുകൾ അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തു.മുംബൈ ആക്രമണത്തിന് ശേഷം എൻഎസ്ജി മാതൃകയിൽ മഹാരാഷ്ട്ര രൂപീകരിച്ച ‘ഫോഴ്സ് വൺ’ എന്ന എലൈറ്റ് കമാൻഡോ യൂണിറ്റിനെ നയിച്ചതും ഇദ്ദേഹമായിരുന്നു.
ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി ‘വർദിത്ല്യ മൻസച്യ നോണ്ടി’ (Notes of a Man in Uniform) എന്ന പേരിൽ അദ്ദേഹം മറാത്തിയിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മുൻ മുംബൈ പോലീസ് കമ്മീഷണർ ജൂലിയോ റിബെയ്‌റോ ദാത്തെയെ വിശേഷിപ്പിച്ചത് “പോലീസ് ഉദ്യോഗസ്ഥരുടെ ആകാശത്തിലെ ഉദിച്ചുയരുന്ന നക്ഷത്രം” എന്നാണ്. അഴിമതി തൊട്ടുതീണ്ടാത്ത, ലാളിത്യം മുറുകെ പിടിക്കുന്ന ഈ ഉദ്യോഗസ്ഥൻ മഹാരാഷ്ട്ര ഡിജിപി സ്ഥാനത്തെത്തുമ്പോൾ അത് ആ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് പുതിയ ഊർജ്ജം നൽകുമെന്നുറപ്പാണ്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന രണ്ടുവർഷം ജന്മനാടായ മഹാരാഷ്ട്രയുടെ സേവനത്തിനായി അദ്ദേഹം വിനിയോഗിക്കും













Discussion about this post