ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സീനിയർ പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി അദ്ദേഹത്തിന്റെ കോച്ച് രംഗത്ത്. ചീഫ് സെലക്ടർ അജിത് അഗാർക്കർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഷമിയുടെ കോച്ച് മുഹമ്മദ് ബദ്‌റുദ്ദീൻ പ്രതികരിച്ചത്.
“ഇനി ഒരു കളിക്കാരൻ എന്ത് ചെയ്യണം? എത്ര വിക്കറ്റുകൾ കൂടി എടുത്താലാണ് ഷമിയെ ടീമിലെടുക്കുക?” എന്ന് കോച്ച് മുഹമ്മദ് ബദ്‌റുദ്ദീൻ ചോദിച്ചു. ഷമിക്ക് ഫിറ്റ്നസ് ഇല്ലെന്ന സെലക്ടർമാരുടെ വാദം വെറും ഒഴികഴിവ് മാത്രമാണെന്നും കോച്ച് ആരോപിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി പന്തെറിയുകയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെ ഫിറ്റ്നസ് ഇല്ലെന്ന് പറയാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഇത് കൂടാതെ ഷമിയെ ടീമിൽ നിന്ന് ഒഴിവാക്കാൻ സെലക്ടർമാർ നേരത്തെ തന്നെ തീരുമാനിച്ചതായാണ് തോന്നുന്നതെന്ന് കോച്ച് പറഞ്ഞു. റൺജി ട്രോഫിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും ഷമിയുടെ ഉജ്ജ്വല പ്രകടനത്തെ സെലക്ടർമാർ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാൾ ടീം കോച്ചും മുൻ താരവുമായ ലക്ഷ്മി രത്തൻ ശുക്ലയും ഈ നടപടിയെ വിമർശിച്ചു. ഷമിയെപ്പോലെ അർപ്പണബോധത്തോടെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന മറ്റൊരു അന്താരാഷ്ട്ര താരമില്ലെന്നും അദ്ദേഹത്തോടുള്ള ഈ പെരുമാറ്റം ലജ്ജാകരമാണെന്നും ശുക്ല പറഞ്ഞു.













Discussion about this post