ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഋഷഭ് പന്തിന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് നിർണ്ണായക നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. പന്തിന് മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇറങ്ങേണ്ട താരമാണെന്നുമാണ് അശ്വിന്റെ അഭിപ്രായം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്‌വാദിനെ ഒഴിവാക്കി പന്തിനെ ഉൾപ്പെടുത്തിയ നടപടിയെ അശ്വിൻ ചോദ്യം ചെയ്തു. “നിലവിലെ സാഹചര്യത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യാൻ പന്തിന് കഴിയില്ല. അദ്ദേഹം ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യേണ്ട താരമാണ്. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റ് ചെയ്യാൻ പന്തിനേക്കാൾ അനുയോജ്യൻ ഗെയ്ക്‌വാദാണ്. സ്പിന്നിനെ നേരിടാനുള്ള കഴിവും റണ്ണുകൾ വേഗത്തിൽ ഓടിയെടുക്കാനുള്ള കഴിവും ഗെയ്ക്‌വാദിനെ മിഡിൽ ഓർഡറിലെ മികച്ച താരമാക്കുന്നു. പന്തിനെ ഉൾപ്പെടുത്താൻ ഗെയ്ക്‌വാദിനെ ഒഴിവാക്കിയത് ശരിയായില്ല.” അദ്ദേഹം പറഞ്ഞു.
രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും വിരമിച്ചാൽ മാത്രമേ ഗെയ്ക്‌വാദിനെപ്പോലെയുള്ള താരങ്ങൾക്ക് ടീമിൽ സ്ഥിരമായ ഒരു സ്ഥാനം ലഭിക്കൂ എന്നും അശ്വിൻ നിരീക്ഷിച്ചു. ടീമിലെ മത്സരബുദ്ധി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സെലക്ടർമാർ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













Discussion about this post