മൈതാനത്ത് ബൗളർമാരെ ഒരുപോലെ വിറപ്പിച്ച സഖ്യമാണ് സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് ഡ്രസ്സിംഗ് റൂമിൽ ഇവർ തമ്മിൽ നടന്ന ‘പ്രാങ്ക്’ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ. ഗാംഗുലിയെ അക്ഷരാർത്ഥത്തിൽ ‘വെള്ളത്തിലിറക്കിയ’ സച്ചിന്റെ കുസൃതിയായിരുന്നു ഈ പ്രാങ്ക്.
ഇന്ത്യൻ ടീമിന്റെ ഇൻഡോറിലെ ഒരു ക്യാമ്പിനിടെയാണ് സംഭവം നടക്കുന്നത്. സച്ചിനും ഗാംഗുലിയും അന്ന് ടീമിലെ വളർന്നു വരുന്ന താരങ്ങളാണ്. ഒരിക്കൽ രാത്രിയിൽ ഗാംഗുലി നല്ല ഉറക്കത്തിലായിരുന്ന സമയം നോക്കി സച്ചിനും മറ്റ് ചില സഹതാരങ്ങളും ചേർന്ന് ഒരു പ്ലാൻ തയ്യാറാക്കി. ഗാംഗുലിയുടെ മുറിയിലേക്ക് പുറത്തെ പൈപ്പുകൾ വഴി വെള്ളം തുറന്നുവിടുകയായിരുന്നു അവരുടെ ലക്ഷ്യം.
രാത്രിയുടെ എപ്പോഴോ ഞെട്ടിയുണർന്ന ഗാംഗുലി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മുറിയിലാകെ വെള്ളം നിറഞ്ഞിരിക്കുന്നു. ഗാംഗുലിയുടെ വിലകൂടിയ ഷൂസുകളും മറ്റ് കായിക ഉപകരണങ്ങളും വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. ആകെ പരിഭ്രാന്തനായ ഗാംഗുലി മുറിക്ക് പുറത്തേക്ക് ഓടിയപ്പോൾ കണ്ടത് വാതിലിന് പിന്നിൽ ഒളിച്ചുനിന്ന് പൊട്ടിച്ചിരിക്കുന്ന സച്ചിനെയും കൂട്ടരെയുമാണ്. തന്റെ പ്രിയപ്പെട്ട ഷൂസുകൾ വെള്ളത്തിലായതിന്റെ സങ്കടത്തിലായിരുന്നു ദാദ എങ്കിലും, സച്ചിന്റെ ആ കുസൃതിക്ക് മുന്നിൽ അയാൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഗാംഗുലിക്ക് മുമ്പും പണി കൊടുത്ത കഥകൾ സച്ചിൻ തന്നെ വിവരിച്ചിട്ടുണ്ട്.













Discussion about this post