ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ദീർഘകാല വിസകളിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ മിഷനിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
“സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നു, നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും പിഐഒകളും ജാഗ്രത പാലിക്കണം, പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ വാർത്തകളും വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും സൂക്ഷ്മമായി നിരീക്ഷിക്കണം,” എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ ഒരു പോസ്റ്റിലൂടെ അറിയിച്ചു.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരായ പ്രകടനങ്ങൾ ഉൾപ്പെടെ നിരവധി പ്രതിഷേധങ്ങളാണ് ഇറാന്റെ വിവിധ മേഖലകളിലായി നടക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നതും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ഉൾപ്പെടെയുള്ള കാരണങ്ങൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.










Discussion about this post