പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാൻ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ലക്ഷ്യം വെക്കുന്നത് പോലെ, നാളെ ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെയും ‘തട്ടിക്കൊണ്ടുപോകുമോ’ എന്നായിരുന്നു ചൗഹാന്റെ വിവാദ പരാമർശം. കോൺഗ്രസ് നേതാവിന്റെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി.
ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തുന്ന താരിഫുകളെക്കുറിച്ച് സംസാരിക്കവെയാണ് ചൗഹാൻ അതിരുകടന്ന പരാമർശങ്ങൾ നടത്തിയത്. വെനിസ്വേലയിൽ സംഭവിച്ചത് ഇന്ത്യയിലും ആവർത്തിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് വെനിസ്വേലൻ പ്രസിഡന്റിനെ അമേരിക്ക വേട്ടയാടുന്നതെന്ന് പറഞ്ഞ ചൗഹാൻ, ട്രംപ് അടുത്തതായി ഇന്ത്യൻ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ എന്ന വിചിത്രമായ സംശയമാണ് ഉന്നയിച്ചത്. ഇന്ത്യയുടെ പരമാധികാരത്തെയും ലോകശക്തിയെന്ന നിലയിലുള്ള രാജ്യത്തിന്റെ അന്തസ്സിനെയും ചോദ്യം ചെയ്യുന്നതാണ് ഈ പ്രസ്താവനയെന്ന് ബിജെപി ആരോപിച്ചു.
ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ചൗഹാന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയെ വെനിസ്വേലയോട് ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസിന്റെ ഇന്ത്യ വിരുദ്ധ മാനസികാവസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെയും അതിന്റെ ഭരണത്തലവനെയും അരാജകത്വം നിലനിൽക്കുന്ന വെനിസ്വേലയോട് താരതമ്യം ചെയ്തതിലൂടെ കോൺഗ്രസ് രാജ്യത്തെ അപമാനിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
യുക്രെയ്ൻ യുദ്ധത്തിലും ഇസ്രായേൽ-ഹമാസ് സംഘർഷത്തിലും ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെയും ചൗഹാൻ വിമർശിച്ചു. അന്താരാഷ്ട്ര വിഷയങ്ങളിൽ അമേരിക്കയെ ഭയന്നാണ് ഇന്ത്യ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വെനിസ്വേലയിലെ എണ്ണ ശേഖരത്തിലാണ് അമേരിക്കയുടെ കണ്ണെന്നും മഡുറോയ്‌ക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും ചൗഹാൻ വാദിച്ചു. ലോകത്തിന് മുന്നിൽ ഇന്ത്യയെ അപഹാസ്യമാക്കുന്ന ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി നേതൃത്വം ആഞ്ഞടിച്ചു.










Discussion about this post