ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെ, തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബംഗ്ലാദേശ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അന്തസ്സും താരങ്ങളുടെ സുരക്ഷയുമാണ് തങ്ങൾക്ക് പ്രധാനമെന്ന് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ വ്യക്തമാക്കി.
ബംഗ്ലാദേശ് ടീമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത പങ്കാളിത്തം ഉറപ്പാക്കാൻ ഐസിസി പ്രതിജ്ഞാബദ്ധമാണെന്നും കാണിച്ച് ഐസിസി ബിസിബിക്ക് കത്തയച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ ബംഗ്ലാദേശിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കാമെന്നും ഐസിസി അറിയിച്ചു.
ഐസിസിയുടെ ഉറപ്പുകളിൽ തൃപ്തരല്ലെന്ന് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുളും ആസിഫ് നസ്റുലും പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു. “രാജ്യത്തിന്റെ അന്തസ്സും താരങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സുരക്ഷയും പണയപ്പെടുത്തി ഞങ്ങൾ ലോകകപ്പ് കളിക്കില്ല,” എന്ന് ആസിഫ് നസ്റുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ പുറത്താക്കാൻ ബിസിസിഐ ആവശ്യപ്പെട്ടത് ഇന്ത്യയിലെ സുരക്ഷാ പ്രശ്നത്തിന്റെ സൂചനയാണെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നു. ഞങ്ങളുടെ താരത്തിന് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ബിസിസിഐ സമ്മതിച്ച സാഹചര്യത്തിൽ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നത് അപകടമാണെന്നാണ് അവരുടെ വാദം.
ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്റുകൾ നഷ്ടമാകുമെന്ന ഐസിസി മുന്നറിയിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, തങ്ങളുടെ നിലപാട് ഐസിസിയെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഉടൻ തന്നെ ഔദ്യോഗിക മറുപടി നൽകുമെന്നും അവർ അറിയിച്ചു. ഇന്ത്യയിൽ തീരുമാനിച്ച തങ്ങളുടെ മത്സരങ്ങൾ കൂടി സഹ-ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ബംഗ്ലാദേശ് ഇപ്പോഴും ഉറച്ചുനിൽക്കുന്നു.













Discussion about this post