2026 ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി പിന്മാറിയിരുന്നു. ഇന്ത്യയിൽ കളിക്കാനില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറച്ചുനിന്നതോടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബഹിഷ്കരണം നടന്നത്. ഇതിനെത്തുടർന്ന് ബംഗ്ലാദേശിന് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചു.
പിന്മാറ്റത്തിന് ശേഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‌ലാം ബുൾബുൾ ഐസിസിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഐസിസി മീറ്റിംഗുകളിൽ ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് നടപ്പിലാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ വിട്ടുകിട്ടണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത് തർക്കങ്ങൾക്ക് തുടക്കമിട്ടു. എന്നാൽ ഇത് മാത്രമല്ല പിന്മാറ്റത്തിന് കാരണമെന്നും ഇന്ത്യയുടെ അപ്രമാദിത്യം ഐസിസിയിൽ വർദ്ധിക്കുന്നതാണ് പ്രധാന പ്രശ്നമെന്നും ബിസിബി വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളി. ഇന്ത്യയിൽ അല്ലാതെ മറ്റൊരു രാജ്യത്ത് ലോകകപ്പ് കളിക്കാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്നും ബുൾബുൾ ആവർത്തിച്ചു. 20 കോടി ജനങ്ങൾ ഉള്ള ബംഗ്ലാദേശിനെ അവഗണിക്കുന്നത് ക്രിക്കറ്റിന്റെ ജനപ്രീതി കുറയ്ക്കും. 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നില്ലെങ്കിൽ അത് ഐസിസിയുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post