2026 ടി20 ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോഴും കളിക്കളത്തിന് പുറത്ത് നയതന്ത്ര യുദ്ധം മുറുകുകയാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്.
ബംഗ്ലാദേശിന് ഐസിസി നീതി നിഷേധിച്ചുവെന്നും ഇന്ത്യയോട് കാണിക്കാത്ത കർക്കശ നിലപാട് എന്തിന് ബംഗ്ലാദേശിനോട് കാണിക്കുന്നുവെന്നുമാണ് പാകിസ്ഥാന്റെ ചോദ്യം. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഐസിസിയുടെ “ഇരട്ടത്താപ്പിനെ” രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരാൻ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യ വിസമ്മതിച്ചപ്പോൾ അവർക്ക് ദുബായിൽ കളിക്കാൻ അനുമതി നൽകിയ ഐസിസി, ബംഗ്ലാദേശിന്റെ കാര്യത്തിൽ എന്തുകൊണ്ട് മറ്റൊരു നിയമം നടപ്പിലാക്കുന്നു എന്നാണ് നഖ്‌വി ചോദിക്കുന്നത്.
സർക്കാർ പച്ചക്കൊടി കാട്ടിയാൽ മാത്രമേ പാക് ടീം ലോകകപ്പിനായി ഇന്ത്യയിലെത്തൂ എന്നാണ് നഖ്‌വി പറയുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ നക്കവി താഴെ പറയുന്ന കാര്യങ്ങളാണ് തങ്ങളുടെ നിലപാടായി പറഞ്ഞത്:
*ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കുക.
*ഇന്ത്യക്കെതിരായ മത്സരം മാത്രം ഉപേക്ഷിക്കുക.
*കറുത്ത ബാന്റ് ധരിച്ച് കളിച്ച് പ്രതിഷേധം രേഖപ്പെടുത്തുക.
*ഓരോ വിജയവും ബംഗ്ലാദേശ് ആരാധകർക്കായി സമർപ്പിക്കുക.
ബംഗ്ലാദേശിനെ ഒഴിവാക്കിയ സ്ഥാനത്ത് സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് ഐസിസി തീരുമാനം. എന്നാൽ പാകിസ്താൻ കൂടി വിട്ടുനിന്നാൽ ലോകകപ്പിന്റെ ശോഭ മങ്ങുമെന്ന് ബിസിസിഐയും ആശങ്കപ്പെടുന്നുണ്ട്. തിങ്കളാഴ്ച പുറത്തുവരുന്ന പാക് സർക്കാരിന്റെ തീരുമാനം ഈ ലോകകപ്പിന്റെ ഗതി നിർണ്ണയിക്കും.










Discussion about this post