നമീബിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ റിസ്ക് എടുക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പരിക്കിന്റെയും ആരോഗ്യപ്രശ്നങ്ങളുടെയും നിഴലിലുള്ള ഓപ്പണർ അഭിഷേക് ശർമ്മ 100% കായികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ സഞ്ജു സാംസണെ കളിപ്പിക്കുന്നതാകും ഉചിതമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ നിരീക്ഷിച്ചു.
ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ്മയ്ക്ക് പാകിസ്ഥാനെതിരായ വലിയ മത്സരത്തിന് മുൻപ് റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ വയറിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ശാരീരികമായി പൂർണ്ണ സജ്ജനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. “അഭിഷേകിനെ ഇന്ത്യ കളിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും, കാരണം തന്റെ ആദ്യ ലോകകപ്പിൽ റൺസ് നേടി ആത്മവിശ്വാസം വർദ്ധിപ്പിക്കേണ്ടത് പാക് മത്സരത്തിന് മുൻപ് പ്രധാനമാണ്. എന്നാൽ ആരോഗ്യം മോശമാണെങ്കിൽ നിർബന്ധമായും വിശ്രമം നൽകണം,” ചോപ്ര പറഞ്ഞു.
അഭിഷേക് പുറത്തിരുന്നാൽ അത് സഞ്ജു സാംസണ് വലിയ അവസരമാകുമെന്ന് ചോപ്ര ചൂണ്ടിക്കാട്ടുന്നു. “സഞ്ജുവിന് തന്റെ ഫോം തെളിയിക്കാനുള്ള മികച്ച അവസരമാണിത്. നമീബിയക്കെതിരെ മികച്ച സ്കോർ കണ്ടെത്താനായാൽ അത് താരത്തിനും ടീമിനും ഒരുപോലെ ഗുണകരമാകും. സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരും റൺസ് കണ്ടെത്തേണ്ടത് പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് നിർണ്ണായകമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്പ്രിത് ബുംറ തിരിച്ചെത്തുന്നതോടെ ബൗളിംഗ് നിരയിലും മാറ്റങ്ങൾ വരും. ബുംറ കളിക്കുകയാണെങ്കിൽ ആദ്യ മത്സരത്തിൽ തിളങ്ങിയ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരുമെന്നാണ് ചോപ്രയുടെ അഭിപ്രായം. ഡൽഹിയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നതിനാൽ മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെ (അക്ഷർ, കുൽദീപ്, വരുൺ) കളിപ്പിക്കാനാണ് ഇന്ത്യ നീക്കം നടത്തുന്നതെങ്കിൽ ചിലപ്പോൾ ശിവം ദുബൈക്കും വിശ്രമം നൽകിയേക്കാം.












