കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കൊഴുക്കുന്നതിനിടെ, രസകരമായ മറുപടിയുമായി ബെന്നി ബെഹനാൻ എംപി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോഴിക്കറി ഉണ്ടാക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ലെന്നായിരുന്നു ബെന്നി ബെഹനാൻ്റെ പ്രതികരണം. “കോഴിക്കറി നമുക്ക് തന്നെ ഇവിടെ പാകം ചെയ്യാം. എന്നാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ചേരുവകൾ ചേർക്കുന്നതും പാകം ചെയ്യുന്നതുമെല്ലാം ഡൽഹിയിൽ നിന്നാണ്. അത് ചെയ്യാൻ കഴിവുള്ള വിദഗ്ധർ അവിടെയുണ്ട്”- ബെന്നി ബെഹനാൻ പറഞ്ഞു. ഇടപ്പള്ളി പള്ളിയിലെ പ്രശസ്തമായ കോഴി നേർച്ചയ്ക്ക് എത്തിയപ്പോഴായിരുന്നു രാഷ്ട്രീയ ചർച്ചകളിലെ കൗതുകകരമായ ഈ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നുവെന്ന സോഷ്യൽ മീഡിയയിലെ ട്രോളുകളെയും കളിയാക്കലുകളെയും താൻ ഒട്ടും ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും ഈ കോഴിക്കറി കഴിച്ചു കഴിയുമ്പോൾ താൻ മുഖ്യമന്ത്രിയാകില്ലെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അണികൾക്കിടയിൽ ആശങ്ക പുകയുമ്പോഴാണ് മുതിർന്ന നേതാവായ ബെന്നി ബെഹനാൻ ഹൈക്കമാൻഡിൻ്റെ പ്രാധാന്യംപഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എഐസിസി പ്രതിനിധികൾ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ സാഹചര്യത്തിൽ അന്തിമ തീരുമാനം ദില്ലിയിൽ നിന്നുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. . ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിന് പിന്നാലെ നായകനെ ചൊല്ലിയുള്ള തർക്കം പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് ബെന്നി ബെഹനാൻ്റെ ഈ ‘കോഴിക്കറി’ പ്രയോഗം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. കെ.സി വേണുഗോപാലിന്റെയും വി.ഡി സതീശന്റെയും പേരുകൾ സജീവമായി ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിൽ, ദില്ലിയിലെ ‘വിദഗ്ധർ’ ആരെയാകും പാകം ചെയ്ത് എടുക്കുകയെന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.












