വന്യജീവി ആക്രമണങ്ങളിൽ പൊറുതിമുട്ടിയ മലയോര ജനതയുടെ ആശങ്കകൾക്കിടയിൽ വനംവകുപ്പിനെയും മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയുടെ പുതിയ വിവാദ പ്രസ്താവന. മനുഷ്യജീവിതത്തിനും നിലനിൽപ്പിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുന്നതിൽ ഒരു തെറ്റുമില്ലെന്നും അതിനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നും എം.എം. മണി തുറന്നടിച്ചു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച മണി, പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെതിരെ വ്യക്തിപരമായ ആക്ഷേപവും ഉന്നയിച്ചു. വന്യജീവി ശല്യം തടയാൻ വനംവകുപ്പിന് കൃത്യമായ പദ്ധതികളൊന്നുമില്ലെന്നും പുതിയ മന്ത്രിക്ക് ഈ വിഷയത്തിൽ യാതൊരുവിധ വിവരവുമില്ലെന്നുമാണ് മണിയുടെ ഗുരുതരമായ ആരോപണം.
വന്യജീവി ആക്രമണങ്ങൾ തടയാൻ ആരുടെയെങ്കിലും കൈവശം ‘ഒറ്റമൂലി’ ഉണ്ടോ എന്ന വനംമന്ത്രി ഷിബു ബേബി ജോണിന്റെ മുൻ പ്രസ്താവനയെ മണി പരിഹസിച്ചു. ഒറ്റമൂലി ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുകയല്ല ഒരു മന്ത്രി ചെയ്യേണ്ടതെന്നും, ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ നിയമം ഭേദഗതി ചെയ്ത് വേണമെങ്കിൽ മൃഗങ്ങളെ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പറയുന്നവർ നാട്ടിലിറങ്ങി ജീവിക്കുന്ന മനുഷ്യന്റെ ദുരിതം കാണുന്നില്ല. കൃഷിയിടങ്ങളും വീടുകളും തകർത്ത് മനുഷ്യനെ കൊല്ലാൻ വരുന്ന മൃഗങ്ങളെ വെറുതെ വിടാനാകില്ലെന്നും മണി കൂട്ടിച്ചേർത്തു.












