അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഭാരതത്തെ തോൽപ്പിക്കുക എന്നത് പാകിസ്ഥാന് മാത്രമല്ല, ലോകത്തിലെ മറ്റേതൊരു ടീമിനും അസാധ്യമായ കാര്യമാണെന്ന് തുറന്നുസമ്മതിച്ച് പാക് വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ. മുൻപ് ന്യൂസിലൻഡിനെ നയിച്ചിരുന്ന ഹെസ്സൻ, 2025-ലാണ് പാകിസ്ഥാൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. അതിനുശേഷം ഭാരതത്തിനെതിരെ കളിച്ച മത്സരങ്ങളിലെല്ലാം പാകിസ്ഥാൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
രാഷ്ട്രീയ കാരണങ്ങളാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭാരതവും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ കളിക്കാറില്ല. ഐസിസി, ഏഷ്യാ കപ്പ് പോലുള്ള ടൂർണമെന്റുകളിൽ മാത്രമാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ഇത്തരത്തിൽ 2022-ന് ശേഷം നടന്ന മത്സരങ്ങളിലെല്ലാം ഭാരതമാണ് പാകിസ്ഥാനെ തകർത്തുവിട്ടത്. കഴിഞ്ഞ ഏഷ്യാ കപ്പിലെ തുടർച്ചയായ തോൽവികൾക്ക് പുറമെ, 2026 ടി20 ലോകകപ്പിലും 61 റൺസിന്റെ വമ്പൻ നാണക്കേടാണ് പാകിസ്ഥാൻ ഭാരതത്തിന് മുന്നിൽ വഴങ്ങിയത്.
ഇന്ത്യക്കെതിരെയുള്ള തോൽവികളെക്കുറിച്ച് ഹെസ്സൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്:”കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ ഭാരതത്തിനെതിരെയുള്ള കളി ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും ഞങ്ങൾ ജയിച്ചിരുന്നു. നിലവിലെ യാഥാർത്ഥ്യം എന്തെന്നാൽ, ലോകത്തിലെ ഒരൊറ്റ ടീമിനും ഇപ്പോൾ ഭാരതത്തെ തോൽപ്പിക്കാൻ സാധിക്കുന്നില്ല എന്നതാണ്. അത് പാകിസ്ഥാന്റെ മാത്രം പ്രശ്നമല്ല. ശരിയോ തെറ്റോ ആകട്ടെ, ഇന്ത്യക്കെതിരെ എന്ത് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പാകിസ്ഥാൻ ടീമിന്റെ പ്രകടനം എപ്പോഴും വിലയിരുത്തപ്പെടുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണ്, അവർ മറ്റുള്ളവരേക്കാൾ ഒരുപാട് മൈലുകൾ മുന്നിലാണ്.”
കഴിഞ്ഞ ടി20 ലോകകപ്പിൽ സൂപ്പർ 8 ഘട്ടത്തിൽ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇംഗ്ലണ്ടിനോട് തോറ്റതൊഴിച്ചാൽ, ഇന്ത്യക്കെതിരായ മത്സരം മാത്രമാണ് തങ്ങൾ കൈവിട്ടതെന്ന് ഹെസ്സൻ ഓർമ്മിപ്പിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് തന്റെ പരിശീലനത്തിന് കീഴിൽ പാകിസ്ഥാൻ ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. “2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഐസിസി ടൂർണമെന്റുകളുടെ പൂൾ ഘട്ടം പോലും കടക്കാൻ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമിന് പെട്ടെന്ന് വന്ന് എല്ലാവരെയും അത്ഭുതപ്പെടുത്താൻ കഴിയില്ല. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ വിജയശതമാനം 20-ൽ നിന്ന് 75 ശതമാനത്തിനടുത്തേക്ക് ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്.” – ഹെസ്സൻ കൂട്ടിച്ചേർത്തു
തുടർച്ചയായി രണ്ട് ടി20 ലോകകപ്പുകൾ നേടി ഇന്ത്യ വിജയക്കുതിപ്പ് തുടരുമ്പോഴും, കഴിഞ്ഞദിവസം പരിക്കുകളാൽ വലഞ്ഞ അയർലൻഡിനോട് 0-2 ന് പരമ്പര തോറ്റത് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് തിരിച്ചടിയായിരുന്നു. ഐപിഎൽ മാതൃകയിലുള്ള ഫ്ലാറ്റ് പിച്ചുകളിൽ മാത്രം തിളങ്ങുന്ന ഇന്ത്യൻ ബാറ്റർമാർ സ്ലോ പിച്ചുകളിൽ പതറുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴാണ് പാക് കോച്ചിന്റെ ഈ പുകഴ്ത്തൽ.












