ധാക്ക: ബംഗ്ലാദേശില്‍ യു.എസ് ബ്ലോഗെഴുത്തുകാരനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം പ്രാദേശിക തീവ്രവാദി സംഘടനയായ അന്‍സാര്‍ ബംഗ്ല ഏറ്റെടുത്തു.ട്വിറ്ററിലൂടെയാണ് സംഘടന ഇക്കാര്യം പുറത്തു വിട്ടത്.
ധാക്ക പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് വംശജനായ റോയിയെയും,ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും ഇന്നലെ രാത്രിയാണ് ഭീകരവാദികള്‍ ക്രൂരമായി ആക്രമിച്ചത്. തലങ്ങും വിലങ്ങും വെട്ടേറ്റ റോയ് തല്‍ക്ഷണം മരിച്ചു. ഭാര്യ ബന്നയ്ക്കും ഗുരുതരമായ വെട്ടേറ്റു. വെട്ടില്‍ ബന്നയുടെ ഒരു വിരല്‍ അറ്റുപോയി. അക്രമത്തിന് പ്രതികള്‍ ഉഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.
സ്വതന്ത്രമനസ് എന്നര്‍ഥം വരുന്ന മുക്തേ മോന എന്ന തലക്കെട്ടില്‍ റോയ് എഴുതിയിരുന്ന ബ്ലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. മതേതരത്വവും യുക്തിവാദവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ബ്ലോഗിന്റെ ഉള്ളടക്കം. അതേസമയം, റോയിയുടെ ബ്ലോഗുകളെ ബംഗ്ലാദേശിലെ മതമൗലികവാദികള്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. ഇസ്ലാമിക മൗലികവാദികളെയാണ് റോയ് ബ്ലോഗുകളില്‍ കൂടുതലായും എതിര്‍ത്തിരുന്നത്. വിശ്വാസ വൈറസ്, വാക്വം മുതല്‍ പ്രപഞ്ചം വരെ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും റോയ് രചിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മതമൗലികവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ ബുക്സ്റ്റോര്‍ റോയിയുടെ പുസ്തകങ്ങള്‍ പിന്‍വലിച്ചിരുന്നു.
പ്രശസ്ത എഴുത്തുകാരനായിരുന്ന ഹുമയുണ് ആസാദ്, ബ്ലോഗര്‍മാരായ ഹൈദര്‍, ആസിഫ് മൊഹിയുദീന്‍ എന്നിവരും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. ഇതേ പുസ്തകോല്‍സവം കഴിഞ്ഞു മടങ്ങുമ്പോഴാണ് ആസാദിന് നേരേ അക്രമമുണ്ടായത്.
Discussion about this post