കാബുള്‍: വാഗ അതിര്‍ത്തിവഴി ഇന്ത്യയിലേയ്ക്ക് ചരക്ക് കയറ്റി അയക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ രാജ്യത്തിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ പാക്കിസ്ഥാനേയും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്. ബ്രിട്ടീഷ് നയതന്ത്രപ്രതിനിധി ഓവന് ജെന്കുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേയ്ക്കു ചരക്കുകള്‍ സമയബന്ധിതമായി എത്തിക്കാന്‍ സാധിക്കാത്തതു മൂലം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരബന്ധം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേയ്ക്ക് ചരക്കുകള്‍ കയറ്റി അയക്കാനും ഇറക്കുമതി ചെയ്യാനും അഫ്ഗാന് വ്യാപാരികളെ പാക്കിസ്ഥാന് അനുവദിക്കാത്ത പക്ഷം അഫ്ഗാനിസ്ഥാനിലൂടെ മധ്യഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് ചരക്കുനീക്കം നടത്താന്‍ പാക്കിസ്ഥാനെ തങ്ങളും അനുവദിക്കില്ല എന്ന് ഗനി പറഞ്ഞു. ഇത്തരത്തില്‍ വ്യാപരം നടത്താന്‍ സാധിക്കാത്തതു മൂലം കോടിക്കണക്കിനു ഡോളര്‍ നഷ്ടമാണു രാജ്യത്തിന് ഉണ്ടാകുന്നതെന്നും ഗനി വ്യക്തമാക്കി. വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള അട്ടാരിയിലേയ്ക്ക് നേരിട്ട് ചരക്കുകള്‍ എത്തിക്കാന്‍ വളരെക്കാലമായി അഫ്ഗാന് ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. എന്നാല്‍ ഇതിന് അനുവാദം നല്കാന് പാക്കിസ്ഥാന് തയാറാകുന്നില്ല.
വാഗാ അതിര്‍ത്തിയില്‍ എത്തിക്കുന്ന അഫ്ഗാന്റെ ചരക്കുകള്‍ അവിടെ വെച്ച് മറ്റു വാഹനങ്ങളിലേയ്ക്കു മാറ്റിയശേഷം അട്ടാരിയിലേയ്ക്കു കൊണ്ടുവരും. ചരക്കുകള്‍ ഇവിടെ ഇറക്കിയ ശേഷം മറ്റു വാഹനങ്ങളിലേയ്ക്ക് മാറ്റണം. ഇത് ചരക്ക് കൈമാറ്റത്തിനുള്ള ചിലവ് വലിയ തോതില്‍ വര്‍ധിപ്പിക്കുന്നു. നിലവിലെ രീതിയില്‍ നിന്ന മാറി അട്ടാരിയില്‍ നേരിട്ട് ചരക്ക് എത്തിക്കാനും അവിടെ വെച്ച് ഇന്ത്യന്‍ ട്രക്കുകളിലേയ്ക്കു മാറ്റുവാനുമുള്ള സൗകര്യമാണ് അഫ്ഗാന്റെ ആവശ്യം. ഇതുവഴി ഇന്ത്യയുമായുള്ള വ്യാപാരം രണ്ടോ മൂന്നോ ഇരട്ടി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു.
Discussion about this post