ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ നമ്രത ബ്രാറിനെയാണ് പുറത്താക്കിയത്. ‘ഈ ഇന്ത്യക്കാരനെ പുറത്താക്കൂ’ എന്നാണ് വിദേശകാര്യ സെക്രട്ടറി എയ്സാസ് അഹമ്മദ് ചൗധരി സംഘാടകരോട് ആവശ്യപ്പെട്ടത്.
ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് ന്യൂയോര്‍ക്കിലെ വാര്‍ത്താ സമ്മേളനത്തിനിടയില്‍ പാകിസ്ഥാന് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത്. ന്യുയോര്‍ക്കിലെ റൂസ്വെല്‍റ്റ് ഹോട്ടലില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഈ നടപടി. യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിനു മുന്നോടിയായാണ് പാക് പ്രതിനിധി വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിലേക്ക് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ പോലും പങ്കെടുപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി. മുന്‍പ് ഇസ്ലാമാബാദിലും സമാനമായ സംഭവം നടന്നിരുന്നു. സാര്‍ക് ഉച്ചകോടിയില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങളെ വിലക്കിയത് വിവാദമായിരുന്നു.
ഉറിയിലെ സൈനിക താവളത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ പാകിസ്താന് തയ്യാറായില്ല. സംഭവത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ അവഗണിക്കാനാണ് പാക് നയതന്ത്രജ്ഞര്‍ ശ്രമിച്ചത്. പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ഉറിയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്.
ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഉറി ആക്രമണത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ തട്ടിയകറ്റി. എന്നാല്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പാക് പ്രധാനമന്ത്രി മാറി നിന്നില്ല. ‘കശ്മീരിലെ മനുഷ്യാവകാശ ലംഘനം’ ഉയര്‍ത്തി കാട്ടിയ നവാസ് ഷെരീഫ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള പാക് കൂടിക്കാഴ്ചയില്‍ തടസമുണ്ടാക്കുന്നത് ഇന്ത്യയാണെന്നും ആരോപിച്ചു.
Told "Indian ko nikalo" at #Pakistan press con #UNGA #UriAttacks. Not surprised, we would probably do the same…
— Namrata Brar (@namratabrar) September 20, 2016
Discussion about this post