ഡല്‍ഹി: ജിയോയുമായി മത്സരിക്കാന്‍ പുതിയ ഓഫറുമായി വോഡാഫോണ്‍ രംഗത്തെത്തി. ഡാറ്റാ നിരക്കില്‍ വന്‍ ഇളവ് നല്കി റിലയന്‍സിന്റെ ജിയോ തരംഗമായതോടെയാണ് ഓഫറുകളുമായി വോഡഫോണും രംഗത്തെത്തിയത്. ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബി നല്‍കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. എന്നാല്‍ 4ജി സമാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക.
ഒരു ജിബിയും അതിനു മുകളിലുമുള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റകൂടി ലഭ്യമാകുക. ഒരു ജിബി ഡാറ്റക്ക് നിലവില്‍ 250 രൂപയാണ്. ഡിസംബര്‍ 31 വരെയാണ് ഓഫറിന്റെ കാലാവധി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും. അതേ സമയം യുപി, ഹരിയാന, കര്‍ണാടക, ഗുജറാത്ത്, പശ്ചിമബംഗാള്‍, കേരള, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമെ ലഭ്യമാകൂ.
എയര്‍ടെലും ബിഎസ്എന്‍എല്ലും ജിയോയുടെ സാന്നിധ്യത്തെ തുടര്‍ന്ന് നേരത്തെ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.
ആജീവനാന്തം സൗജന്യ കോളിങും ഈ വര്‍ഷാവസാനം വരെ പരിധിയില്ലാത്ത ഡാറ്റ സൗജന്യമായും നല്‍കിയാണ് ജിയോ മാര്‍ക്കറ്റില്‍ അവതരിച്ചത്.
Discussion about this post