പാലക്കാട്: പാലക്കാട് നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി. നഗരസഭ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ തസ്തികകളിലെ നിയമനം വൈകിപ്പിക്കുന്നത് പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമായെന്നും ബിജെപിയുടെ ആരോപണം. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭ കൂടിയാണ് പാലക്കാട്.
അധികാരത്തിലേറി ഒരു വര്‍ഷം തികയുമ്പോള്‍, നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം കൊടുക്കുന്ന ഭരണ സമിതി. സംസ്ഥാനത്തു തന്നെ ആദ്യമായി അമൃത നഗരം പദ്ധതി നടപ്പിലാക്കിയതും പാലക്കാട് മുനിസിപ്പാലിറ്റിയാണ്. എന്നാല്‍ ജനകീയ പദ്ധതികള്‍ക്ക് തുരങ്കം വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഭരണസമിതി കുറ്റപ്പെടുത്തുന്നു. നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റിയിട്ട് പത്ത് മാസമായി. ഇതുവരെ പകരം നിയമനം നടന്നിട്ടില്ല. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഓവര്‍സിയര്‍ തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇക്കാര്യം പലതവണ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായില്ലെന്നാണ് ആരോപണം .
അമൃത് നഗരം, സ്വച്ഛ് ഭാരത്, നാഷണല്‍ അര്‍ബ്ബന്‍ ലിവിംഗ് മിഷന് തുടങ്ങീ കോടിക്കണക്കിന് രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പാലക്കാട് നഗരസഭക്കായി വിഭാവനം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നതായും,സമയ ബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായും നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
Discussion about this post