ശ്രീനഗര്‍: പാക്ക് സേനയുടെ വെടിവയ്പില്‍ വീരമൃത്യു വരിച്ച മകന്റെ വിയോഗത്തില്‍ കരയില്ലെന്നും രാജ്യത്തിനുവേണ്ടി ജീവന് നല്കിയ എല്ലാ ജവാന്മാരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ബിഎസ്എഫ് ജവാന് ഗുര്‍നാം സിങ്ങിന്റെ മാതാവ് ജസ്വന്ത് കൗര്‍. താന്‍ മരിക്കുകയാണെങ്കില്‍ കരയരുതെന്ന് മകന് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഞാന്‍ കരയില്ല. രാജ്യത്തിനുവേണ്ടി ജീവന് നല്കിയ ജവാന്മാരില് അഭിമാനിക്കുന്നതായും ജസ്വന്ത് കൗര്‍ പറഞ്ഞു.
രാജ്യത്തിനുവേണ്ടി ജീവന് നല്കിയ സഹോദരനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് ഗുര്‍നാം സിങ്ങിന്റെ സഹോദരിയും പ്രതികരിച്ചു. ബിഎസ്എഫിനു വേണ്ടി പ്രത്യേകം ആശുപത്രി പണിയണമെന്ന് അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രി വേണമെന്നും മകന്റെ ജീവത്യാഗത്തില്‍ അഭിമാനമുണ്ടെന്നും ഗുര്‍നാമിന്റെ പിതാവും പ്രതികരിച്ചു. കശ്മീരിലെ കത്തുവ ജില്ലയില്‍ ഹിരനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് ഗുര്‍നാമിനു ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ജമ്മു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഗുര്‍നാമിന്റെ അന്ത്യം.
ഗുര്‍നാമിനു പരുക്കേറ്റതിനെത്തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതില്‍ ഏഴു പാക്ക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടു.
Discussion about this post