ആറന്മുള: ആറന്മുള വിമാനത്താവളത്തിനെതിരേ എന്തു ലക്ഷ്യത്തോടെയാണോ പ്രക്ഷോഭമുയര്‍ന്നത്, ആ മഹത്തായ സന്ദേശം ജനങ്ങളിലെത്തണമെങ്കില്‍ പദ്ധതി പ്രദേശത്തു തന്നെ കൃഷിയിക്കേണ്ടതുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുമെന്ന് പ്രഖ്യാപിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയതും നിലം ഒരുക്കിയതും സഹകരണ എജീനിയറിങ്ങ് കോളേജിനു വേണ്ടി അളന്നിട്ട ഭൂമിയിലെന്ന സംഭവം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പാടത്തേക്ക് കൃഷി മാറ്റാനാണ് ജില്ലയിലെ ഇടതു നേതാക്കളുടെ നീക്കം. ഇതിനെ തുടര്‍ന്നാണ് പ്രസ്താവനയുമായി കുമ്മനം നാജശേഖരന് രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതി പ്രദേശത്തു തന്നെയായിരിക്കണം കൃഷി ചെയ്യേണ്ടത്. അതിലൂടെ പൊതുജനസാമാന്യത്തിന് മഹത്തായ ഒരു സന്ദേശമായിരിക്കും സര്‍ക്കാരിനു കൊടുക്കാന്‍ സാധിക്കുക. കാരണം കൃഷിയിടങ്ങളെ നശിപ്പിച്ച് ആ പ്രദേശത്ത് വന്‍കിട പദ്ധതികള്‍ വരുന്നതില്‍ ആ നാട്ടിലെ ജനങ്ങള്‍ക്കുള്ള അമര്‍ഷവും പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്നതില്‍ അവര്‍ക്കുള്ള പ്രതിഷേധവുമായിരുന്നു ആ പ്രക്ഷോഭത്തിന്റെ കാതല്‍. എന്ത് ആദര്‍ശവും ആശയവുമാണോ ആ പ്രക്ഷോഭകാലത്തുയര്ത്തിപ്പിടിച്ചത് അതിനെ സംരക്ഷിക്കുവാനും, പ്രചരിപ്പിക്കുവാനും, നിലനിര്‍ത്തുവാനും ഇടനല്കുന്ന ഒരു നടപടിയായിരിക്കണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. അവിടത്തെ പാരിസ്ഥിതിക വിനാശം ഉണ്ടാക്കാന്‍ വേണ്ടിയെടുത്ത നടപടിക്കെതിരേയുള്ള ഒരു ക്രിയാത്മകമായ സംരംഭമായി വേണം ഈ കൃഷിയെ കാണാനെന്ന് കുമ്മനം പറഞ്ഞു. ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ലാന്‍ഡ് ബോര്‍ഡ് ഉടനേ തന്നെ പുനഃസംഘടിപ്പിച്ച് മിച്ചഭൂമി വിഷയത്തില്‍ തീരുമാനമുണ്ടാക്കണം. ഇതേവരെ ലാന്‍ഡ് ബോര്‍ഡ് പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം തന്നെ ഇതിന്റെ ക്രയവിക്രയം സംബന്ധിച്ചുള്ള തര്‍ക്കങ്ങളിന്മേല്‍ ഇപ്പോള്‍ കളക്ടറുടെ മുന്പാകെയിരിക്കുന്ന വിഷയവും തീര്‍പ്പു കല്പ്പിക്കണം. ഈ വിഷയങ്ങളില്‍ തീര്‍പ്പു കല്പ്പിച്ചു കഴിഞ്ഞാല്‍, ഇത് ഭൂരഹിതര്‍ക്ക് കൃഷി ചെയ്യാന്‍ വേണ്ടി കൊടുക്കേണ്ട ഭൂമിയാണ്. അവിടെ കൃഷി മാത്രമേ നടക്കാന്‍ പാടുള്ളൂ. അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള നൂലാമാലകള്‍ തീര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം. ഇത്തരം വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ, പത്തനംതിട്ടയില്‍ മറ്റൊരു വിമാനത്താവളമെന്ന ചര്‍ച്ചകളിലേക്കു പോകുന്ന സര്‍ക്കാരിന്റെ നടപടിയേയും കുമ്മനം വിമര്‍ശിച്ചു. വിമാനത്താവളത്തോട് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ പാരിസ്ഥിതിക വിനാശമുണ്ടാക്കാതെ വിമാനത്താവളം നിര്‍മ്മിക്കാന്‍ സാധിക്കുമെന്നിരിക്കേ അതിനു സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post