കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് മോഹന്‍ലാല്‍ രംഗത്ത്. ഈ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’നെ കാണുന്നത് സത്യസന്ധമായ ഇന്ത്യയ്ക്കുള്ള തുടക്കമായി കാണുന്നു. സിനിമാ മേഖലയെയെയും തന്നെയും വ്യക്തിപരമായും ബാധിച്ചെങ്കിലും രാജ്യ നന്മയ്ക്ക് വേണ്ടി ഞാന്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നു. താരം ബ്ലോഗില്‍ കുറിച്ചു. എല്ലാ മാസവും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ബ്ലോഗില്‍ മോദിക്ക് ബിഗ് സല്യൂട്ട് നല്കി മോഹന്‍ലാല്‍ നയം വ്യക്തമാക്കി.
മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് നോട്ട് നിരോധിച്ചുവെന്ന വാര്‍ത്തകള്‍ താന്‍ അറിയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കണ്ടിരുന്നു. പ്രധാനമന്ത്രി അന്ന് നടത്തിയത് ആത്മാര്‍ത്ഥമായ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും മോഹന്‍ ലാല്‍ വ്യക്തമാക്കുന്നു. താന്‍ ഒരു വ്യക്തി ആരാധകനല്ല, ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് മനസിലാക്കുന്നത്. തന്റെ അഭിപ്രായത്തെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുതെന്നും മറിച്ച് മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് തന്നെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു.
അതോടൊപ്പം പൊതുജനങ്ങളെ സേവിക്കുന്നതിന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും മോഹന്‍ലാല്‍ പ്രതികരിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അഴിമതിയെന്നത് വ്യക്തികളുടെ കുറ്റം എന്നതിലുപരി ഒരു വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയായി മാറിക്കഴിഞ്ഞു. ഈ അവസ്ഥകളെല്ലാം മാറണം. അതിനാല്‍ എന്നാലാകുന്ന വിധത്തില്‍ പുതിയ നയത്തോട് ചേര്ന്നുനില്ക്കും. പല തരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം എന്നാണ് പൊതുവില്‍ വിമര്‍ശനം. ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി അല്പം ബുദ്ധിമുട്ട് അനുഭവിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ പക്ഷം. മദ്യശാലകള്‍, സിനിമാ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവക്ക് മുന്നില്‍ പരാതികളില്ലാതെ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് അല്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പിമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തറിയാം വരിനില്ക്കുന്നതിന്റെ വിഷമം എന്ന മറുചോദ്യം ഉയരും. കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍ തനിക്കവസരം ലഭിച്ചാല്‍ എല്ലാവരേയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്ത്തിക്കാറുള്ളതെന്ന് മോഹന്‍ലാല്‍ പറയുന്നു.
നോട്ട് പിന്‍വലിക്കല്‍ എല്ലാ വിഭാഗങ്ങളേയും പോലെ സിനിമാവ്യവസായത്തേയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമാമേഖലയില്‍ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാല്‍ ഞങ്ങളത് സഹിക്കുന്നു. പ്രശ്നങ്ങളെ മറികടക്കാന്‍ കൂട്ടായി പരിശ്രമിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം രാജ്യനന്മക്ക് വേണ്ടി നിലകൊള്ളുന്ന പൗരന് എന്ന നിലയില്‍ ഞാന്‍ സഹിക്കും. അത് വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന് എന്ന നിലയില്‍ കൂടിയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.
നാം സ്നേഹിക്കുന്ന എന്തിനെങ്കിലും വേണ്ടിയാണെങ്കില്‍ ബുദ്ധിമുട്ടുകള്‍ ബുദ്ധിമുട്ടുകളായി തോന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വിഷമങ്ങള്‍ കൂടി മധുരിക്കും. ഈ നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ട് താന്‍ അതിനെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post