തോല്‍ക്കരുത് എന്ന് പഠിപ്പിച്ച ഫിദല്‍ കാസ്ട്രോയ്ക്ക് ആദരം അര്‍പ്പിച്ച്, തോല്ക്കാന് മനസില്ലെന്ന് പ്രഖ്യാപിച്ച് നടി മഞ്ജു വാര്യര്‍. മൈ ലൈഫ് എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ തോല്ക്കാന് തയ്യാറാകാതിരുന്ന ആ ജീവിതം നല്കിയ പ്രചോദനം ചെറുതല്ലെന്ന് ഫിദലിനെ അനുസ്മരിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജു കുറിച്ചു. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍മിക്കുക എന്നും മഞ്ജു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ശരിയെന്ന് വിശ്വസിച്ചതിന് വേണ്ടിയുള്ള കാസ്ട്രോയുടെ പോരാട്ടത്തില്‍ ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും അപ്പുറത്തായിരുന്നെങ്കിലും മനുഷ്യര്‍ എപ്പോഴും ഇപ്പുറത്ത് ഫിദലിനൊപ്പം തന്നെയായിരുന്നെന്ന് മഞ്ജു അനുസ്മരിക്കുന്നു. ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദല്‍ കാസ്ട്രോയെന്നും ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണെന്നും മഞ്ജു ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദല്‍ കാസ്ട്രോ. ശരിയെന്ന് താന്‍ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തില്‍ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യര്‍’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോല്ക്കാന് തയ്യാറാകാതിരുന്ന ആ ജീവിതം നല്കിയ പ്രചോദനം ചെറുതല്ല. തോല്‍ക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓര്‍മിക്കുക..
വിട,പ്രിയ ഫിദല്‍..
Discussion about this post