ഇസ്ലാമാബാദ്: കടുത്ത സാമ്പത്തികസമ്മര്ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാന് ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം എടുത്തുമാറ്റാന്‍ ആലോചിക്കുന്നു. ഉറി ആക്രമണ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാര്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ നാലുമാസമായി ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം ഉണ്ടായിരുന്നു. പാകിസ്ഥാന് ഫിലിം എക്സിബിറ്റേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇതുമൂലം പാക് സിനിമാശാലാ ഉടമകള്‍ തങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്നതായും ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം എടുത്തു കളയണമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗ്യുലേറ്ററി അതോറിറ്റി ഇന്ത്യന്‍ ടി.വി. ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെ തിയേറ്ററുകളില്‍ ആളൊഴിഞ്ഞു. പലതും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. രാജ്യത്തെ തിയേറ്ററുകളുടെ വരുമാനത്തിന്റെ എഴുപത് ശതമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്നാണ് ലഭിക്കുന്നത്.
നാലു മാസത്തിനിടെ ഏതാണ്ട് 15 കോടി രൂപയുടെ നഷ്ടമാണ് തിയേറ്ററുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക്. തിയേറ്ററുകള്‍ പ്രതിസന്ധിയിലായതോടെ നൂറിലേറെ തിയേറ്റര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ചില തിയേറ്ററുകള്‍ ഏതാനും പഴയ ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വരുമാനം നിലച്ചതോടെ തിയേറ്റര്‍ ഉടമകള്‍ തന്നെ സര്‍ക്കാരിനെ കണ്ട് സങ്കടം ഉണര്ത്തിച്ചിരിക്കുകയാണ്. ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം നീക്കണം എന്നതാണ് അവരുടെ ആവശ്യം. ഈ ആവശ്യം പഠിച്ച് പ്രശ്നത്തിന് പരിഹാരം കാണാനായി പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒരു നാലംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വിവരസാങ്കേതികമന്ത്രി മാര്യം ഔറംഗസേബ് നയിക്കുന്ന പ്രധാനമന്ത്രിയുടെ ദേശീയ ചരിത്ര, സാഹിത്യ പാരമ്പര്യ ഉപദേശകന് ഇര്ഫാന് സിദ്ദിഖി, വാണിജ്യ സെക്രട്ടറി, ഇന്റലിജന്റ്സ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന പാനല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും സിനിമ ഇറക്കുമതി അനുവദിച്ച് നിയമ പരിഷ്ക്കരണം ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം.
പത്തുവര്‍ഷമായി ഇറക്കുമതി നിരോധിക്കപ്പെട്ടിരിക്കുന്ന വസ്തുക്കള്ക്കൊപ്പമാണ് ഇന്ത്യന്‍ സിനിമകളെയും പാകിസ്ഥാന് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അപേക്ഷ പരിഗണിച്ച് വാണിജ്യമന്ത്രാലയം ഇന്ത്യന്‍ സിനിമകള്‍ക്ക് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കി. പുതിയ നിര്‍ദേശം അനുസരിച്ച് മാസത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ക്ക് വാണിജ്യമന്ത്രാലയത്തിന്റെ എന്‍ഒസി അനുവദിക്കപ്പെട്ടിരിക്കുകയാണ്.
പാക് സിനിമാ വ്യവസായത്തിലെ 70 ശതമാനം വരുമാനവും ബോളിവുഡ് ഹോളിവുഡ് സിനിമകളില്‍ നിന്നാണെന്ന് നേരത്തേ തീയറ്റര്‍ ഉടമകള്‍ തന്നെ വ്യക്തമാക്കിയിരുന്നു. താല്ക്കാലികമായ ഈ നിരോധനത്തെ മറികടക്കാന്‍ കഴിഞ്ഞാലും വിലക്ക് തുടര്‍ന്നാല്‍ കടപൂട്ടേണ്ടി വരുമെന്നാണ് സിനിമാശാലകളുടെ ഉടമകളുടെ അഭിപ്രായം.
ബോളിവുഡിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന് ചിത്രം റയീസ് പാകിസ്ഥാനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമായി. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Discussion about this post