ഹൈദരാബാദ്: ചെന്നൈ എക്സപ്രസിന്റെ നിര്‍മാതാവ് കരീം മൊറാനിക്കെതിരെ പീഡനക്കേസ്. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചെന്ന ഡല്‍ഹി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹയാത്ത് നഗര്‍ പൊലീസാണ് കേസെടുത്തത്. 2015-ല്‍ മുംബൈയിലുള്ള ഫിലിം സ്റ്റുഡിയോയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞയാഴ്ചയാണ് യുവതി മൊറാനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മൊറാനിക്കെതിരെ ഐ.പിസി 471, 376, 342, 506, 493 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ കരീം മൊറാനി നിഷേധിച്ചിട്ടുണ്ട്. തന്നെ മോശമാക്കി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പരാതി നല്‍കിയിരിക്കുന്നതെന്നും നിയമപരമായി നീങ്ങുമെന്നും മൊറാനി അറിയിച്ചു.
ചെന്നൈ എക്സ്പ്രസ് കൂടാതെ ഷാരൂഖ് ഖാന്റെ രാവണും ഹാപ്പി ന്യൂഇയറും മൊറാനിയാണ് നിര്‍മിച്ചിരുന്നത്. 2ജി സ്പെക്ട്രം അഴിമതിക്കേസിലും മൊറാനിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ കലൈഞ്ജര്‍ ടി.വിക്ക് 200 കോടിരൂപ തിരിമറി നടത്തിയെന്നായിരുന്നു മൊറാനിക്കെതിരായ കേസ്. സിനിയുഗ് ഫിലിംസ് കമ്ബനിയുടെ സ്ഥാപകന്‍ കൂടിയാണ് മൊറാനി.
Discussion about this post