മുംബൈ: 2018ലെ നാസയുടെ ബഹിരാകാശ ദൗത്യമായ സിറ്റിസണ്‍ സയന്‍സ് ആസ്ട്രോനെറ്റ് എന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടറും. കാനഡയില്‍ താമസിക്കുന്ന 32കാരിയായ ഡോക്ടര്‍ ഷവ്ന പാണ്ഡ്യയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതി നടക്കുകയാണെങ്കില്‍ കല്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം നാസയില്‍ നിന്ന് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും ഷവ്ന പാണ്ഡ്യ.
കാനഡയില്‍ ജനിച്ച ഡോ. ഷവ്ന ആല്‍ബെര്‍ട്ട ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യനാണ്. മുംബൈയുമായാണ് ഷവ്നയുടെ ഇന്ത്യന്‍ ബന്ധം. മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്ത് ഷവ്നയുടെ മുത്തശ്ശി ഉണ്ട്. ഡോക്ടറും ബഹിരാകാശ ശാസ്ത്രജ്ഞയും കൂടാതെ, ഷവ്ന പാട്ടുകാരിയും അന്താരാഷ്ട്ര തയ്ക്വാണ്ടോ ചാമ്പ്യനുമാണ്. കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠിക്കുന്ന പോളാര്‍ സബ്ഓര്ബിറ്റല് സയന്‍സ് പദ്ധതിയിലും ഷവ്ന പങ്കെടുത്തിട്ടുണ്ട്. 2018 ആദ്യം തന്നെ ബഹിരാകാശ പദ്ധതിയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനുവേണ്ട നടപടികള്‍ പുരോഗമിക്കുകയാണ്. ‘കുടുംബത്തിന് എന്റെ സ്വപ്നങ്ങളറിയാം. അതിനാല്‍ അമ്മയും മറ്റു കുടുംബാംഗങ്ങളും പിന്തുണ നല്കുന്നു’ണ്ടെന്ന് ഷവ്ന പറയുന്നു.
ആല്‍ബര്‍ട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ ബിരുദവും ജനറല്‍ മെഡിസിനില്‍ എം.ഡിയും ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബഹിരാകാശ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയാണ് ഷവ്ന ബഹിരാകാശദൗത്യത്തിന് എത്തിയിരിക്കുന്നത്.
Discussion about this post